വിൽപ്പനയ്ക്ക് സൂക്ഷിച്ചത് 210 കുപ്പി അനധികൃത മദ്യം; അലപ്പുഴയിൽ 2 പേർ പിടിയിൽ, മൂന്നാം പ്രതി ഓടി രക്ഷപ്പെട്ടു

By Web TeamFirst Published Dec 3, 2022, 3:40 PM IST
Highlights

കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സംയുക്തമായി കഴിഞ്ഞദിവസം രാത്രിയാണ് പരിശോധന നടത്തിയത്

ഹരിപ്പാട്: ആലപ്പുഴയിൽ വൻ തോതിൽ അനധികൃത മദ്യവുമായി രണ്ടുപേർ പിടിയിൽ. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സംയുക്തമായി കഴിഞ്ഞദിവസം രാത്രിയിൽ പല്ലനയിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് സൂക്ഷിച്ച 210 കുപ്പി പോണ്ടിച്ചേരി നിർമ്മിത മദ്യം പിടികൂടിയത്. തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ അഖിൽ ( 33) ) പുത്തൻ പറമ്പിൽ രാകേഷ് ( 29 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി തോട്ടപ്പള്ളി പൂത്തോപ്പിൽ പ്രവീൺ (37) ഓടി രക്ഷപ്പെട്ടു.

ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് വൻതോതിൽ മദ്യം ശേഖരിച്ച് വില്പന നടത്തുന്നുവെന്ന് എക്സൈസ് ഇന്റലിജൻസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 500 മില്ലിയുടെ 210 കുപ്പി മദ്യമാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ എസ് രാധാകൃഷ്ണൻ, ഫെമിൻ, പ്രിവന്റീവ് ഓഫീസർമാരായറോയ് ജേക്കബ്, ജി ഗോപകുമാർ, ജി അലക്സാണ്ടർ, അബ്ദുൽഷുക്കൂർ, വി എം ജോസഫ്. സിവിൽ എക്സൈസ്ഓഫീസർമാരായ എച്ച് മുസ്തഫ, ജി ജയകൃഷ്ണൻ, വനിത സിവിൽ എക്സൈസ്ഓഫീസർ സംഘമിത്ര ഡ്രൈവർ റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 

ബിവറേജസ് ഔട്ട്ലെറ്റിലെ മോഷണം; ഒടുവിൽ കേസെടുത്ത് പൊലീസ്; സിസിടിവിയിൽ പ്രതി വ്യക്തം

അതേസമയം പാലക്കാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ബിവറേജസ് ഔട്ട്ലെറ്റിൽ നടന്ന മോഷണത്തിൽ ദിവസങ്ങൾക്ക് ശേഷം പൊലീസ് കേസെടുത്തു എന്നതാണ്. നഗരത്തിലെ ചുമട്ടുതൊഴിലാളിയായ സുദീപ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഇത് വാർത്തയായതോടെയാണ് പൊലീസ് കേസെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകി ഒരാഴ്ചയായിട്ടും സൗത്ത് പൊലീസ് കേസെടുത്തിരുന്നില്ല. ഇടതു യൂണിയനിൽ പെട്ട ആളായതിനാൽ പൊലീസും ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇത് ച‍ര്‍ച്ചയായതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.

tags
click me!