
ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉൽപന്നങ്ങൾ കേരളത്തിലെത്തിച്ച് എത്തിച്ച് വില്പന നടത്തിവന്നയാളെ കരുതൽ തടങ്കലിലാക്കി. വള്ളികുന്നം, കടുവിനാൽ സ്വദേശി സുരേഷ് കുമാറിനെയാണ് (41) വള്ളികുന്നം പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചത്. 'പിറ്റ് എൻഡിപിഎസ്' (PIT NDPS) നിയമപ്രകാരമാണ് നടപടി. അടൂർ, ആലപ്പുഴ എക്സൈസ്, വള്ളികുന്നം, ഒറീസയിലെ ഉദയഗിരി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്. എന്നിട്ടും പ്രതി കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
ആലപ്പുഴ ജില്ലയിലെ തെക്കൻ മേഖലകളിൽ 2018 മുതൽ മയക്കുമരുന്ന് വിപണനം നടത്തിവരുന്നയാളാണ് സുരേഷ് കുമാർ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം. പി. മോഹനചന്ദ്രൻ ഐപിഎസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് 'പിറ്റ് എൻഡിപിഎസ്' നിയമപ്രകാരം ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്. നേരത്തെ ഇയാളുടെ സഹോദരനായ സുമേഷ് കുമാറിനെയും ഇതേ നിയമപ്രകാരം പൊലീസ് തടങ്കലിൽ പാർപ്പിച്ചിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്‌പി എം.കെ ബിനുകുമാറിന്റെ നിര്‍ദേശപ്രകാരം വള്ളികുന്നം സബ് ഇൻസ്പെക്ടർ കെ ദിജേഷ്, അംജിത്ത്, സിവിൽ പൊലീസ് ഓഫീസര്‍മാരായ അഖിൽ കുമാർ, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam