
തിരുവനന്തപുരം: നടുറോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച രോഗിയുമായി വന്ന ആംബുലൻസ്, ബൈക്കുകളിൽ ഇടിച്ചു മറിഞ്ഞ് അപകടം. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പനച്ചമൂട് ജംഗ്ഷനിൽ നടന്ന സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒടുവിൽ പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. വെള്ളറടയില്‍ നിന്ന് രോഗിയുമായി കാരക്കോണം മെഡിക്കല്‍ കോളെജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് എതിർ ദിശയില്‍ നിന്ന് വന്ന രണ്ടംഗസംഘം സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു മറിഞ്ഞത്.
പനച്ചമൂട്ടില്‍ നടുറോഡില്‍ ആംബുലന്‍സ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നിട്ടും വെള്ളറട പൊലീസോ, ആര്‍ടിഒ അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡില്‍ കിടന്ന ആംബുലന്‍സിൽ ഇരിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് രോഗിയുമായി വന്ന ആംബുലന്‍സും ബൈക്കുകളും അപകടത്തിൽപ്പെട്ടത്. ഏറെ തിരക്കുള്ള പനച്ചമൂട്ടില്‍ പതിവായി റോഡിൽ പാർക്ക് ചെയ്യാറുള്ള ആംബുലൻസ് വെള്ളറട പഞ്ചായത്ത് ഓഫീസിന് മുന്നിലോ, മാര്‍ക്കറ്റിന് ഉള്ളിലോ, പനച്ചമൂട് പള്ളിക്ക് മുന്നിലോ നിര്‍ത്തണമെന്ന് പലയാവർത്തി പ്രദേശവാസികള്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും മാറ്റിയില്ല. ഇനിയെങ്കിലും അധികാരികൾ ഇടപെട്ട് പതിവായി റോഡിൽ പാർക്ക് ചെയ്യുന്ന ആംബുലൻസ് മാറ്റി സൗകര്യപ്രദമായി എവിടെയെങ്കിലും പാർക്ക് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam