
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി യു അരുൺ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണമെന്നും സിബിഐയുടെ അന്വേഷണം നിയമപരമായി തുടരണമെന്നും കോടതി വ്യക്തമാക്കി.
ഹർജിക്കാരനെതിരായ ചില സാഹചര്യങ്ങൾ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും, അതിനാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്. തുടർന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. പിന്നീട് ജെസ്നയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ മജിസ്ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് നിലവിലെ അന്വേഷണം നടക്കുന്നത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി നിരന്തരം വിളിച്ച് വരുത്തി ദ്രോഹിക്കുന്നുവെന്നാണ് അരുൺ ഹർജിയിൽ ആരോപിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാ രേഖകളും സിബിഐക്ക് കൈമാറിയതായും ഹർജിയിൽ പറയുന്നു. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് സ്വമേധയാ വിധേയനായതായും, കേസിനെ തുടർന്ന് രണ്ട് തവണ ജോലി നഷ്ടപ്പെട്ടതായും ഗുരുതര മാനസികപ്രശ്നങ്ങൾ നേരിടുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിച്ചു. എന്നാൽ അന്വേഷണം അനിശ്ചിതകാലം നീട്ടാനാകില്ലെന്നും, ആറുമാസത്തിനകം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam