ആഫ്രിക്കൻ മുഷി മുതല്‍ കല്ലേമുട്ടി വരെ, വയനാട്ടിൽ സജീവമായി മീന്‍പിടുത്ത സംഘങ്ങള്‍, കുട്ടികളെത്തുന്നത് ആശങ്ക

Published : May 14, 2025, 10:45 AM ISTUpdated : May 14, 2025, 10:49 AM IST
ആഫ്രിക്കൻ മുഷി മുതല്‍ കല്ലേമുട്ടി വരെ, വയനാട്ടിൽ സജീവമായി മീന്‍പിടുത്ത സംഘങ്ങള്‍, കുട്ടികളെത്തുന്നത് ആശങ്ക

Synopsis

പുഴകളിലെയും വലിയ തോടുകളിലെയും ചെക്ഡാമിന് സമീപത്തെ കുത്തൊഴുക്കുള്ള വെള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നത് അപകടം കൂടി മുന്നില്‍ക്കണ്ടായിരിക്കണമെന്ന മുന്നറിയിപ്പാണ് പ്രദേശവാസികൾ നൽകുന്നത്

മാനന്തവാടി: വേനൽമഴയിൽ വയനാട്ടിലെ ജലാശയങ്ങൾ നിറഞ്ഞതോടെ സജീവമായി മീന്‍പിടുത്ത സംഘങ്ങള്‍. ചെറുതും വലുതുമായ മീന്‍പിടുത്ത സംഘങ്ങളാണ് വയനാട്ടിലെ വിവിധ പുഴയിറുമ്പുകളിലും തോട്ടിന്‍ക്കരയിലും വയലോരങ്ങളിലും സജീവമാകുന്നത്. ജില്ലക്ക് പുറത്തുനിന്നുവരെ മീന്‍ പിടുത്ത സംഘങ്ങള്‍ വയനാട്ടിലെ പുഴകളിലേക്കും മറ്റു ജലാശയങ്ങളിലേക്കും മീന്‍ പിടിക്കാനായി എത്തുന്നുണ്ട്. ആഫ്രിക്കന്‍ മുഷി, ചെമ്പല്ലി, തോണിയാടി, പരല്‍, കല്ലേമുട്ടി തുടങ്ങിയ മത്സ്യങ്ങളാണ് ഈ സംഘങ്ങളുടെ വീശുവലകളില്‍ പ്രധാനമായും ലഭിക്കുന്നത്. 

മുതിര്‍ന്നവര്‍ക്ക് പുറമെ കുട്ടികളും ചെറിയ വലകളുമായി മത്സ്യബന്ധനത്തിനായി എത്തുന്നത് കൗതുകത്തിനൊപ്പം തന്നെ ആശങ്കയും വർധിപ്പിക്കുന്നുണ്ട്. പലരും സ്വന്തം ആവശ്യത്തിനുള്ള മത്സ്യം പിടിക്കാനായി വരുന്നവരാണ്. എന്നാല്‍ കൂടുതല്‍ മത്സ്യം ലഭിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ വില്‍പ്പന നടത്താറുമുണ്ട്. വേനല്‍മഴക്ക് ശേഷം പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നതോടെ നാടന്‍ മത്സ്യങ്ങള്‍ ധാരാളം എത്തുമെന്ന് മത്സ്യം പിടിക്കാനെത്തിയവര്‍ പറയുന്നു. മാനന്തവാടി പുഴയില്‍ ദിവസവും നൂറ്റിയമ്പതിലേറെ പേര്‍ മത്സ്യബന്ധനത്തിനും അതിലേറെ പേര്‍ ഇത് കാണാനും എത്താറുണ്ട്. കുത്തുവല, തണ്ടാടി, കോരുവല, ചൂണ്ട എന്നിവയാണ് മത്സ്യബന്ധനത്തിനായി പ്രധാനമായും ഉപയോഗിച്ച് വരുന്നത്. 

ഏതാനും ദിവസങ്ങളായി ജില്ലയില്‍ വേനല്‍മഴ ശക്തമാണ്. പുഴകളിലെയും വലിയ തോടുകളിലെയും ചെക്ഡാമിന് സമീപത്തെ കുത്തൊഴുക്കുള്ള വെള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നത് അപകടം കൂടി മുന്നില്‍ക്കണ്ടായിരിക്കണമെന്ന മുന്നറിയിപ്പാണ് പ്രദേശവാസികൾ നൽകുന്നത്. കഴിഞ്ഞ വര്‍ഷം പനമരത്തിനടുത്ത് ചെക്ഡാമിന് സമീപം മീന്‍പിടുത്തം നടത്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചിരുന്നു. ശക്തമായ ഒഴുക്കില്‍ വലയോടൊപ്പം വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. കടുത്ത വേനലിലും വറ്റാത്ത കുളത്തിലെയും മറ്റും മത്സ്യങ്ങള്‍ വേനല്‍മഴയില്‍ വെള്ളമുയരുന്നതോടെ പുഴപോലെയുള്ള ജലാശയങ്ങളിലേക്ക് എത്താറുണ്ട്. ഇത്തരം മത്സ്യങ്ങളെയാണ് ചില വലക്കാര്‍ ലക്ഷ്യമിടുന്നത്. ഡാമുകളിലെ വലിയ മീനുകളെയും ഇടക്കെല്ലാം വലയില്‍ ലഭിക്കാറുള്ളതായി മീൻ പിടുത്ത സംഘങ്ങളുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

പഠനയാത്രക്കെത്തിയ തിരുവനന്തപുരം സ്വദേശിയായ 22 കാരൻ ഭവാനിപ്പുഴയിൽ മുങ്ങി മരിച്ചു
ഭക്ഷണം സൂക്ഷിച്ചത് കക്കൂസില്‍, ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ പൂട്ടിച്ചു