
ആലപ്പുഴ: മുതുകുളത്ത് ഭാര്യ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട യുവാവ് തൂങ്ങി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ അഷ്‌കർ (അച്ചു-23)നെ ആണ് കഴിഞ്ഞദിവസം പുലർച്ചെ മുതുകുളത്തെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് വെളിയിലായി മുറിയോടു ചേർന്നാണ് മൃതദേഹം കണ്ടത്. സംഭവ സമയത്ത് അഷ്‌കറിന്റെ ഭാര്യ മഞ്ജുവും മാതാവ് വിജയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ അഷ്കറിന്റെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. എന്നാൽ മഞ്ജുവും മാതാവും ഞായറാഴ്ച രാവിലെ ആറു മണിയോടെ മൃതദേഹം കണ്ടതായാണ് പൊലീസിന് ആദ്യം നൽകിയിരിക്കുന്ന മൊഴി. അഷ്‌കറിന് പുക വലിക്കുന്ന ശീലമുണ്ട്. ഇതിനായാണ് പുറത്തേക്കു പോയതെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ വീടിനോട് ചേർന്നുളള ഷെഡിലാണ് തൂങ്ങിയ നിലയിൽ കണ്ടതെന്ന് ഭാര്യ മഞ്ജുവും മാതാവ് വിജയമ്മയും സമ്മതിച്ചു. ഇരുവരും ചേർന്നു മൃതദേഹം അറത്തു താഴെയിടുകയായിരുന്നു. തൂങ്ങി നിന്നിരുന്ന കൈലി വേലിക്കു പിറകിലായി വെളളക്കെട്ടിൽ എറിഞ്ഞതായും ഇവർ പറഞ്ഞു. ഇതനുസരിച്ച് പൊലീസ് ഇവ കണ്ടെത്തുകയും ചെയ്തു.
സാഹചര്യ തെളിവുവെച്ച് പൊലീസിന് ആദ്യം തന്നെ മൊഴി കളവാണെന്ന് ബോധ്യപ്പെട്ടിരുന്നു. കഴുത്തിലെ പാടുകളും സംശയത്തിനു കൂടുതൽ ഇടയാക്കി. മഞ്ജുവിനെയും മാതാവിനെയും കനകക്കുന്നു പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. എന്നാൽ, അഷ്‌കറിന്റെ ബന്ധുക്കൾ ഇപ്പോഴും മരണത്തിന്റെ ദുരൂഹതയിൽ ഉറച്ചു നിൽക്കുകയാണ്. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, കായംകുളം ഡി.വൈ.എസ്.പി. അലക്‌സ് ബേബി എന്നിവരും സ്ഥലം സന്ദർശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam