
കോട്ടയം: അക്ഷര വെളിച്ചത്തിന്റെ തിളക്കത്തിലും സന്തോഷത്തിലുമാണ് കോട്ടയം തിരുവഞ്ചൂരിലെ കുട്ടിയമ്മ കോന്തി. നൂറ്റിനാലാം വയസിൽ സാക്ഷരത മികവോൽസവത്തിൽ മികച്ച മാർക്ക് നേടിയ കുട്ടിയമ്മയാണ് ഇപ്പോൾ നാട്ടിലെ സ്റ്റാർ.
എന്ത് കിട്ടിയാലും വായിക്കുമെന്നും വായിക്കാതെ പറ്റില്ലെന്നുമാണ് കുട്ടിയമ്മ പറയുന്നത്. ഇതൊന്നും വായിക്കാൻ കുട്ടിയമ്മയ്ക്ക് കണ്ണടയും വേണ്ട. പക്ഷേ മൂന്ന് മാസം മുന്പ് വരെ എഴുതാനറിയില്ലായിരുന്നു. അതും ഇപ്പോൾ സാധിച്ച ഗമയിലാണ് നൂറ്റിനാലാം വയസിൽ കുട്ടിയമ്മ.
അയർകുന്നം പഞ്ചായത്തിലെ സാക്ഷരതാ മികവോൽവസത്തിൽ 100 ൽ 89 മാർക്ക് നേടിയാണ് കുട്ടിയമ്മയുടെ കിടിലൻ വിജയം. കുട്ടിയമ്മയ്ക്ക് കേൾവിക്കുറവുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല. കുട്ടിയമയുടെ മക്കളെ കണ്ടാൽ കൂട്ടുകാരെന്ന് തോന്നും. എഴുപത്തിയാറുകാരൻ ഗോപാലനും 81 കാരി ജാനകിയുമാണ് കുട്ടിയമ്മയുടെ മക്കൾ. അഞ്ച് തലമുറയെയും കുട്ടിയമ്മ കണ്ട് കഴിഞ്ഞു.
ചുറുചുറുക്കോടെ പഠിക്കാൻ വന്ന കുട്ടിയമ്മയെ പഠിപ്പിക്കാൻ സാക്ഷരത പ്രേരകിന് ഒട്ടും പാടുപെടേണ്ടി വന്നിരുന്നില്ല. നാലാം ക്ലാസ് പരീക്ഷയെഴുതാനുള്ള യോഗ്യതയാണ് കുട്ടിയമ്മ നേടിയത്. പക്ഷേ ഇനിയിപ്പോ അതിനൊന്നും വയ്യെന്ന് മോണ കാട്ടിയുള്ള കള്ളച്ചിരിയോടെ കുട്ടിയമ്മ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam