
കോഴിക്കോട്: നാദാപുരത്ത് കാറിന്റെ സർവീസ് വൈകിയെന്ന് ആരോപിച്ച് ജീവനക്കാർക്ക് മർദനം. നാദാപുരം പേരോട് ടയർ സ്ഥാപനത്തിലെ തൊഴിലാളികൾക്കാണ് മർദനമേറ്റത്. പാറക്കടവ് സ്വദേശികളായ അനസും സുഹൃത്തുക്കളുമാണ് മർദിച്ചത്. മർദനത്തിൽ ജീവനക്കാരനായ സൗരവിന്റെ മൂക്കിന്റെ പാലം തകർന്നു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കേസിലെ പ്രതിയായ അനസ് കാറിന്റെ വീലിന്റെ അലൈൻമെന്റ് ചെയ്യാൻ വേണ്ടിയാണ് സ്ഥാപനത്തിലേക്ക് എത്തുന്നത്. താൻ എത്തിയതിന് ശേഷം വന്ന വണ്ടികളുടെ എല്ലാം അലൈൻമെന്റ് ചെയ്തിട്ടും തന്നെ പിന്നിൽ നിർത്തി എന്നാണ് അനസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി വാക്കുതർക്കമാണ് ആദ്യമുണ്ടാകുന്നത്. അനസിന് കൃത്യമായി മറുപടി നൽകിയെന്നാണ് ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.
വന്ന വണ്ടികൾ അനുസരിച്ചാണ് അലൈൻമെന്റ് ചെയ്തു നൽകുന്നത് എന്നാണ് ജീവനക്കാർ പറഞ്ഞത്. വാക്കുതർക്കത്തിന് ശേഷം കാറുമായി പോയ അനസ് അരമണിക്കൂറിനകം കാറുമായി തിരിച്ചെത്തുകയായിരുന്നു. അനസിനൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. സുഹൃത്തുക്കളും ചേർന്നാണ് കടയിലെ ജീവനക്കാരെ മർദിച്ചത്. മർദനത്തെ തുടർന്ന് ജീവനക്കാരനായ സൗരവിന്റെ മൂക്കിന്റെ പാലം തകരുകയും പല്ല് പൊട്ടിപ്പോകുകയും ചെയ്തു. സൗരവ് നാദാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അനസിനെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam