
തൃശ്ശൂർ: പെൺവേഷം ധരിച്ച് യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗസംഘം ഗുരുവായൂരിൽ പിടിയിലായി. യുവതിയുടെ മുൻ കാമുകനും കൂട്ടാളികളുമാണ് പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്, ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 16 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
യുവതിയുടെ മുൻ കാമുകനായ പ്രസാദിനെയാണ് പെൺവേഷത്തിൽ സംശയാസ്പദമായി പൊലീസ് ആദ്യം കണ്ടെത്തിയത്. പടിഞ്ഞാറെ നടയിൽ പെൺവേഷം ധരിച്ച് നിൽക്കുകയായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് കാറിൽ കറങ്ങുകയായിരുന്ന മറ്റുനാലുപേരും പിടിയിലായത്. കാറിൽനിന്ന് കഞ്ചാവും കണ്ടെടുത്തു.
തൃശൂരിൽ സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. അഞ്ചംഗസംഘം തൃശൂരിലെത്തിയ വിവരം അറിഞ്ഞതോടെ യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. ഇത് മനസ്സിലാക്കിയ പ്രതികളും ഗുരുവായൂരിലെത്തി യുവതിയെ കണ്ടെത്തി ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ പ്രസാദിനും ആദർശിനും എതിരെ കൊലപാതകശ്രമം ഉൾപ്പെടെ 20-ലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സൗഹൃദബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യമാണ് യുവതിയെ തേടിയെത്തിയതിനു പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുവതിയെ പിന്നീട് പൊലീസ് കണ്ടെത്തി സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam