
കൊച്ചി: വ്യാജ യാത്രാ രേഖകൾ നിർമ്മിച്ചു നൽകി യുവതികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഏജൻ്റ് അറസ്റ്റിൽ. തമിഴ്നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ് പിടിയിലായത്.
ജൂൺ 15 ന് ആണ് വ്യാജ യാത്രാ രേഖകളുമായി കുവൈത്തിലേക്ക് പോകാൻ എത്തിയ തമിഴ്നാട്, ആന്ധ്ര സ്വദേശിനികളായ ഏഴ് പേരെ നെടുമ്പാശ്ശേരിയിൽ പിടികൂടിയത്. ഫസലാണ് ആളുകളെ കണ്ടെത്തി യാത്രാ രേഖകൾ തയ്യാറാക്കി നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന യുവതികളെയാണ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്. വീട്ടുജോലി ആണെന്നാണ് യുവതികളോട് പറഞ്ഞിട്ടുള്ളതെന്നും പൊലീസ് പറയുന്നു. ടൂറിസ്റ്റ് വിസയാണ് യാത്രക്കാർക്ക് പ്രതി നൽകിയത്. യുവതികള്‍ക്ക് നല്‍കിയ റിട്ടൺ ടിക്കറ്റ് വ്യാജമായിരുന്നു. പാസ്പോർട്ടിൽ പ്രതി കൃത്രിമം നടത്തിയിട്ടുമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. വിദേശത്തെത്തിച്ച് യുവതികളെ വിദേശത്തുള്ള ഏജൻ്റിന് നൽകുകയായിരുന്നു ഫസല്‍ ഉൾപ്പെടുന്ന സംഘത്തിന്റെ ലക്ഷ്യം. എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലെ ഉൾഗ്രാമത്തിലാണ് ഫസലുള്ള താമസിക്കുന്നത്. ഇവിടെ യുവതികളെ എത്തിച്ച ശേഷം വിമനാത്താവളത്തിലും മറ്റും പറയേണ്ട കാര്യങ്ങൾ പഠിപ്പിച്ചാണ് കൊണ്ടുവരുന്നത്. ഇത്തരത്തിൽ നിരവധി യുവതികൾ ഇയാളുടെ ചതിയിൽപ്പെട്ട് വിദേശത്തെത്തിയതായാണ് സൂചന. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഏജന്റിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിൻ്റെ നേതൃത്വത്തിൽ ഡി വൈ എസ് പി വി രാജീവ്, എസ് ഐ മാരായ ടി എം സൂഫി, സന്തോഷ് ബേബി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധീഷ്, ലിജോ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam