ക്യാമറകളിൽ സ്‌പ്രേ ചെയ്ത് അവ്യക്തമാക്കി, പുതുക്കാട്ടെ എസ്ബിഐ എടിഎമ്മിൽ കവര്‍ച്ചാ ശ്രമം

Published : Oct 30, 2026, 08:07 PM ISTUpdated : Oct 30, 2026, 08:12 PM IST
sbi atm

Synopsis

തൃശൂര്‍ പുതുക്കാട് എസ്ബിഐ ബാങ്കിന്റെ എടിഎം സെന്ററില്‍ ക്യാമറകളില്‍ സ്‌പ്രേ അടിച്ച് കവര്‍ച്ചാ ശ്രമം നടന്നു. മെഷീനുകള്‍ കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവത്തില്‍ പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃശൂര്‍: എസ്ബിഐ ബാങ്കിന്റെ പുതുക്കാട് തൊറവ് ശാഖയുടെ എടിഎം സെന്ററില്‍ കവര്‍ച്ചാ ശ്രമം. എടിഎം, സിഡിഎം മെഷീനുകള്‍ കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റാനാണ് ശ്രമം നടന്നത്. എടിഎം, സിഡിഎം മെഷീനുകളിലെ അഞ്ച് ഫ്രണ്ട് ക്യാമറകളില്‍ സ്‌പ്രേ ചെയ്ത് അവ്യക്തമാക്കിയാണ് കവര്‍ച്ച ശ്രമം നടത്തിയിട്ടുള്ളത്. ഹെല്‍മറ്റും മാസ്‌കും ധരിച്ചെത്തിയ ആളുടെ ദൃശ്യങ്ങള്‍ എടിഎം സെന്ററിലെ മറ്റ് ക്യാമറയില്‍ പതിഞ്ഞത് അറിഞ്ഞയുടനെ ആ ക്യാമറകളിലും സ്‌പ്രേ അടിച്ച ശേഷമാണ് കട്ടര്‍ എടുത്ത് കവര്‍ച്ചാ ശ്രമം നടത്തിയത്. സെന്ററിനുള്ളിലെ ഒരു ക്യാമറയില്‍ പതിഞ്ഞ കവര്‍ച്ചാ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കവര്‍ച്ചാ ശ്രമം വിഫലമായതോടെ മോഷ്ടാവ് കടന്നു കളയുകയായിരുന്നു. സംഭവത്തിന് ശേഷവും ആളുകള്‍ എടിഎം സെന്ററില്‍ പണമിടപാട് നടത്തിയെങ്കിലും സംഭവം നടന്നത് ആരും അറിഞ്ഞിരുന്നില്ല. ഒന്‍പതരയോടെ എത്തിയ ബാങ്കിന്റെ ക്ലീനിംഗ് സ്റ്റാഫാണ് സംഭവം കണ്ടത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുതുക്കാട് മേല്‍പ്പാല നിര്‍മ്മാണത്തിനായി ബാങ്കിന് മുന്‍പിലെ സര്‍വീസ് റോഡ് അടച്ചിട്ട് പണികള്‍ നടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ എടിഎം സെന്ററിലേക്ക് ആളുകള്‍ എത്തുന്നത് കുറവായിരുന്നു. ഇത് മനസിലാക്കിയാവണം മോഷ്ടാവ് കവര്‍ച്ചക്കെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്‍വശത്ത് തന്നെയാണ് എടിഎം സെന്ററുമുള്ളത്. രണ്ടാം തവണയാണ് ഈ എടിഎം സെന്ററില്‍ കവര്‍ച്ചാശ്രമം നടക്കുന്നത്. മുന്‍പ് നടന്ന സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ദേശീയപാതയുടെ സര്‍വീസ് റോഡില്‍ കണ്ടെയ്‌നര്‍ ലോറി മറയാക്കി നിര്‍ത്തിയിട്ടായിരുന്നു മുന്‍പ് കവര്‍ച്ചാശ്രമം നടന്നത്. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാതയോരത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം: അടിയന്തര ഇടപെടലുമായി മന്ത്രി കെ.എ. തുളസി; ഡി.ജി.പിക്ക് കത്തയച്ചു, നൃത്താവതരണത്തിന് അവസരം നൽകും
വർക്കലയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്