കളഞ്ഞു കിട്ടിയത് പണം അടങ്ങിയ പേഴ്സ്; ഉടമസ്ഥന് തിരിച്ചു നൽകി, ഓട്ടോറിക്ഷാ ഡ്രൈവർ മാതൃകയായി

By Web TeamFirst Published Nov 22, 2022, 11:29 PM IST
Highlights

മാന്നാർ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർ കുരട്ടിശ്ശേരി പുത്തൂർ വീട്ടിൽ നൗഫലിനാണ് യാത്രയ്ക്കിടെ മാന്നാർ പഞ്ചായത്ത് ഓഫീസിനു സമീപം വെച്ച് റോഡിൽ കിടന്ന് 10,500 രൂപയും എടിഎം കാർഡുകളും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് കിട്ടിയത്. 
 

മാന്നാർ: കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോറിക്ഷാ ഡ്രൈവർ മാതൃകയായി. മാന്നാർ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർ കുരട്ടിശ്ശേരി പുത്തൂർ വീട്ടിൽ നൗഫലിനാണ് യാത്രയ്ക്കിടെ മാന്നാർ പഞ്ചായത്ത് ഓഫീസിനു സമീപം വെച്ച് റോഡിൽ കിടന്ന് 10,500 രൂപയും എടിഎം കാർഡുകളും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് കിട്ടിയത്. 

പേഴ്സ് കിട്ടിയ ഉടനെ തന്നെ നൗഫൽ അത് മാന്നാർ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പേഴ്സിനുള്ളിൽ ഉണ്ടായിരുന്ന ആശുപത്രിയുടെ ഒപി ടിക്കറ്റ് വഴി ആശുപത്രിയിൽ വിളിച്ച് ഉടമയുടെ നമ്പർ വാങ്ങി. മാന്നാർ പൊലിസ് ഉടമയെ വിളിച്ചു വിവരം അറിയിച്ചു. പാണ്ടനാട് തോണ്ടുപള്ളത്ത് ജോൺസൺ എന്നയാളുടെ പേഴ്സ് ആയിരുന്നു നൗഫലിന് റോഡിൽ നിന്ന് കിട്ടിയത്. പൊലിസ് ഫോൺ വിളിച്ചു പറയുമ്പോൾ ആണ് പേഴ്സ് കളഞ്ഞു പോയ വിവരം ജോൺസൺ അറിയുന്നത്. തുടർന്ന് ജോൺസൺ മാന്നാർ പൊലിസ് സ്റ്റേഷനിൽ എത്തുകയും പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യു, സിവിൽ പോലിസ് ഓഫീസർ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിൽ പേഴ്സ് നൗഫൽ ജോൺസണ് കൈമാറി. ഓട്ടോ റിക്ഷാ ഡ്രൈവറെ മാന്നാർ പൊലിസ് ഇൻസ്പെക്ടർ ജോസ് മാത്യു അഭിനന്ദിച്ചു.

Read Also: പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും

click me!