
മലപ്പുറം: ഇനി അമരമ്പലം പ്രദേശവാസികള്‍ക്ക് പേടി കൂടാതെ നടക്കാം. മാസങ്ങളായി അമരമ്പലം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കരടി കഴിഞ്ഞ ദിവസം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയതാണ് ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുന്നത്. വ്യാഴാഴ്ച അര്‍ധ രാത്രിയോടെ ടി കെ കോളനി ധര്‍മശാസ്ത ക്ഷേത്രത്തില്‍ സ്ഥാപിച്ച കെണിയിലാണ് കരടി കുടുങ്ങിയത്. മാസങ്ങളായി കരടിക്കായി കെണി ഒരുക്കിയിരുന്നുവെങ്കിലും കുടുങ്ങാതെ രക്ഷപ്പെടുകയായിരുന്നു.
പഞ്ചായത്തിലെ ടി കെ കോളനി, കവളമുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം, ഒളര്‍വട്ടം, പുഞ്ച തുടങ്ങിയ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ കരടി നിരന്തരം നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.ക്ഷേത്രങ്ങളില്‍ സുക്ഷിച്ചിരുന്ന നെയ്യ്, എണ്ണ, ശര്‍ക്കര എന്നിവ ഭക്ഷിക്കാനാണ് കരടി പ്രധാനമായും എത്തിയിരുന്നത്. കൂടാതെ, മേഖലയിലെ കര്‍ഷകര്‍ സ്ഥാപിച്ചിരുന്ന തേന്‍പ്പെട്ടികള്‍ തകര്‍ത്ത് തേന്‍ കുടിക്കുന്നതും പതിവായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരം രണ്ട്കെണികളും നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു.
എന്നാല്‍, ഇതിലൊന്നും പിടികൊടുക്കാതെ കരടി ക്ഷേത്രങ്ങളില്‍ നാശം തുടര്‍ന്നതോടെ വ്യാഴാഴ്ച വൈകീട്ട് കൂടുതല്‍ തേനടകള്‍ വെച്ച് കെണി പുതുക്കി സ്ഥാപിച്ചു. ഈ തന്ത്രത്തിലാണ് കരടി വീണത്. പിടികൂടിയ കരടിയെ കൂട് സഹിതം അമരമ്പലം ആര്‍ആര്‍ടി ക്യാമ്പ് ഓഫിസിലേക്ക് മാറ്റി. രണ്ടു ദിവസം ഇവിടെ വനം വകുപ്പിന്‍റെ നിരീക്ഷണത്തില്‍ വെ ക്കും. വെറ്ററിനറി സര്‍ജന്‍റെ പരിശോധനക്ക് ശേഷം കരടിയെ എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കരടിയെ പിടികൂടിയതോടെ ഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam