
മലപ്പുറം: ചാലിയാറില്‍ (Chaliyar) ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട (Boat Accident) കുടുംബത്തെ രക്ഷിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം ചാലിയാറിലൂടെ ഉല്ലാസ യാത്ര നടത്തുന്ന ഏഴംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ചാലിയാറിലെ കുനിയില്‍ ഇരുമാന്‍കടവിന് സമീപമാണ് അപകടം. പൂങ്കുടി ഭാഗത്ത് നിന്ന് ചെറിയ മോട്ടോര്‍ ഘടിപ്പിച്ച ബോട്ടില്‍ മൂന്ന് കുട്ടികളടക്കം ഏഴ് പേരുമായി പോകുകയായിരുന്ന ബോട്ടാണ് അഞ്ചാള്‍ വെള്ളമുള്ള സ്ഥലത്ത് മറിഞ്ഞത്.
സ്വയരക്ഷാ ഉപകരണങ്ങളില്ലാത്തത്തിനാല്‍ മരണം മുന്നില്‍ കണ്ട കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളി കേട്ട പുഴക്കരികിലെ വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പുഴയുടെ നടുവില്‍ മറിഞ്ഞ ബോട്ടും അതിനരികില്‍ മുങ്ങിത്താഴുന്ന യാത്രക്കാരെയുമാണ്. ഉടനെ സമീപ വീടുകളിലുണ്ടായിരുന്ന യുവാക്കള്‍ പുഴയിലേക്ക് എടുത്തുചാടി. നാല് പേര്‍ വെള്ളത്തിലേക്ക് ചാടി അവര്‍ക്കരികിലേക്ക് നീന്തിയെത്തി. മുങ്ങിത്താഴുകയായിരുന്ന കുട്ടികളെ മറിഞ്ഞ ബോട്ടിന്റെ പുറത്തേക്ക് കയറ്റി നിര്‍ത്തി. മറ്റുള്ളവരെ ബോട്ടിന്റെ വശത്ത് പിടിച്ച് നിര്‍ത്തി.
തുടര്‍ന്ന് പുഴയുടെ അരിക് ചേര്‍ത്ത് കെട്ടിയിരുന്ന തോണിയെടുത്ത് അവര്‍ക്കരികിലേക്ക് തുഴഞ്ഞെത്തി. ഓരോരുത്തരെയായി തോണിയില്‍ കയറ്റി കരയിലേക്കെത്തിച്ചു. വലിയ ദുരന്തമായി മാറുമായിരുന്ന സാഹചര്യത്തില്‍ ആത്മ ധൈര്യത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയ ചെറുപ്പക്കാരായ ശിഹാബ്, റഫീഖ്, ഷഫീഖ്, ഷാനിബ്, റാസിഖ്, അന്നാഫ് എന്നിവര്‍ നാടിന്റെ അഭിമാന താരങ്ങളായി. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം എ ഗഫൂര്‍ എന്നിവർ അഭിനന്ദിച്ചു. സ്വകാര്യമായി ഓട്ടിയ ബോട്ടിന് സര്‍വീസ് നടത്താനുള്ള അനുമതി ഉണ്ടായിരുന്നില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam