വരന്തരപ്പിള്ളിയിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

Published : Jun 08, 2025, 10:53 PM IST
accident

Synopsis

ഗുരുതരമായി പരിക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തൃശ്ശൂർ : വരന്തരപ്പിള്ളിയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ദിവ്യയുടെ ഏക സഹോദരൻ 33 വയസുള്ള ദിപീഷിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് വെച്ച് ദിപീഷ് സഞ്ചരിച്ച സ്കൂട്ടർ കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സഹോദരി ദിവ്യയുടെ വീടിൻ്റെ 150 മീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്.

ദിവ്യയുടെ മരണം: ഭർത്താവ് കസ്റ്റഡിയിൽ

കണ്ണാറ സ്വദേശി തെങ്ങനാൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ദിവ്യയെയാണ് വരന്തരപ്പിള്ളിയിലെ വാടക വീട്ടിൽ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദിവ്യയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നായിരുന്നു കുഞ്ഞുമോന്‍ പറഞ്ഞത്. രാവിലെ പൊലീസെത്തി നടത്തിയ ഇന്‍ക്വസ്റ്റിലാണ് യുവതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടത്. തുടര്‍ന്ന് കുഞ്ഞുമോനെ വിശദമായി ചോദ്യം ചെയ്തതിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

കുഞ്ഞുമോന്‍ പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ

കണ്ണാറ സ്വദേശിയായ കുഞ്ഞുമോന്‍ ജോലി സംബന്ധമായി സൗകര്യത്തിനാണ് വരന്തരപ്പള്ളിയില്‍ ഭാര്യയുമായി താമസമാക്കിയത്. പതിനൊന്നു വയസ്സുള്ള കുട്ടിയാണ് ഇവര്‍ക്കുള്ളത്. ദിവ്യ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഭാര്യയോടുള്ള സംശയത്തെത്തുടര്‍ന്ന് കുഞ്ഞുമോന്‍ കഴിഞ്ഞ ദിവസം പിന്നാലെ പോയിരുന്നു. സുഹൃത്തിന്‍റെ ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടതിന് പിന്നാലെയാണ് വീട്ടില്‍ വഴക്കുണ്ടാകുന്നതും ഭാര്യയെ കൊലപ്പെടുത്തുന്നതും. ആദ്യം പ്രതി കൊലപാതകം ഒളിപ്പിക്കാന്‍ നോക്കിയെങ്കിലും പൊലീസെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കുഞ്ഞുമോന് പിടിവീഴുന്നത്.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു