
എരമല്ലൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത പി മനോജ് കുമാറിനെത്തേടി ബുദ്ധസന്യാസി എത്തിയത് കൗതുകക്കാഴ്ചയായി. ഡിണ്ടിക്കൽ സ്വദേശിയായ ബാന്ദേ ബിക്കു ജീവസംഘമിത്രൻ എന്ന യുവ ബുദ്ധസന്യാസിയാണ് മനോജ് കുമാറിനെ കാണാനെത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദവും ബിഎഡ് യോഗ്യതയുമുള്ള ജീവസംഘമിത്രൻ പിഎച്ച്ഡിക്കായുള്ള ഒരുക്കത്തിലാണ്. മനോജ് കുമാറുമായി 15 വർഷത്തിലധികം നീണ്ട സൗഹൃദമുണ്ട് തനിക്കെന്നും തെരഞ്ഞെടുപ്പ് വിജയത്തെ സുഹൃത്തിന്‍റെ ജീവിതത്തിലെ മറ്റൊരു അനുഭവം എന്ന നിലയ്ക്കാണ് താൻ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലി ഭാഷയിൽ ബാന്ദേ എന്നാൽ ബുദ്ധസന്യാസിമാരെ പൊതുവെ ബഹുമാനപുരസരം വിളിക്കുന്ന പേരും ബീക്കു എന്നാൽ പുരോഹിതൻ എന്നുമാണ് അർത്ഥം. മനഃശാസ്ത്ര വിദ്യാർത്ഥിയായ പി മനോജ് കുമാർ ലോക അന്തർദേശീയ സമാധാന പ്രസ്ഥാനമായ ഇസ്കഫിന്‍റെ ദേശീയ കൗൺസിൽ അംഗവും എഐവൈഎഫ് ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമാണ്. പ്രളയകാലത്തും കൊവിഡ് കാലത്തും നടത്തിയ സന്നദ്ധപ്രവർത്തനങ്ങൾ മനോജിനെ ജനപ്രിയനാക്കിയിരുന്നു. പത്തിലധികം കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമായി മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരുടെ സന്നദ്ധസേന സജീവമായിരുന്നു.
2020ലെ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്ത് പോയ വാർഡ്, കോൺഗ്രസ് സ്ഥാനാർത്ഥിയായ മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ തോൽച്ചാണ് പി മനോജ് കുമാർ എന്ന യുവനേതാവിലൂടെ സിപിഐ തിരിച്ചുപിടിച്ചത്. 2005ൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇതേ വാർഡിൽ പരാജയപ്പെട്ട മനോജ് കുമാർ, അതേ എതിരാളിയെ 200ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഇത്തവണ വിജയിച്ചത്.
'സന്യാസിയാകുവാൻ ആഗ്രഹിച്ച് ആശ്രമങ്ങളിലൂടെ സഞ്ചരിച്ച യുവാവായിരുന്ന എന്നിൽ, കാലവും പ്രസ്ഥാനവും ഏൽപ്പിച്ച ചുമതല ഒന്നും പ്രതീക്ഷിക്കാതെ സാധാരണ മനുഷ്യരെ സഹായിക്കുക എന്നതായിരുന്നു' എന്നതായിരുന്നു വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പി മനോജ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് നോട്ടീസിലെ വരികൾ. സ്വന്തം നാട്ടുകാരുടെ ആവശ്യങ്ങൾക്ക് വിളിപ്പുറത്ത് ഓടിയെത്തുന്ന മനു എന്ന മനോജ് കുമാറിനെ തേടി ഒടുവിൽ സന്യാസി തന്നെ എത്തിയത് യാദൃച്ഛികമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam