
ആലപ്പുഴ: കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്ന ഗൃഹനാഥൻ അർബുദത്തെത്തുടർന്ന് അവശനായതോടെ മത്സ്യത്തൊഴിലാളി കുടുംബം മരുന്നു വാങ്ങാൻ പോലും നിർവാഹമില്ലാതെ വലയുന്നു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നയ്ക്കൽ ഡൊമിനിക്ക് (46) പാൻക്രിയാസിൽ അർബുദബാധയെ തുടർന്ന് ഏഴ് മാസമായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്.
മത്സ്യത്തൊഴിലാളിയായ ഡൊമിനിക്ക് കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി. ഭാര്യ ബിജി മുമ്പ് വീടിനടുത്തുള്ള റിസോർട്ടിൽ ജോലിക്ക് പോകുമായിരുന്നെങ്കിലും ഭർത്താവ് ആശുപത്രിയിലായതോടെ അതും മുടങ്ങി. വിദ്യാർത്ഥികളായ മക്കൾ ഷിജിത്തും അനീറ്റയും വൃദ്ധയായ മാതാവ് മറിയാമ്മയുമാണ് വീട്ടിലുള്ളത്.
വള്ളത്തിൽ പോയി മത്സ്യബന്ധനം നടത്തിയിരുന്ന ഡൊമിനിക്കിന് ഒരു വർഷത്തോളമായി ശരീരത്തിന്റെ ഒരു ഭാഗത്ത് വേദനയുണ്ടായിരുന്നു. എന്നാൽ മൂത്രത്തിൽ കല്ലെന്ന് കരുതിയാണ് ചികിത്സ നടത്തിയിരുന്നത്. പിന്നീട് ഒമ്പത് മാസം മുമ്പ് പാൻക്രിയാസിൽ അർബുദമാണെന്ന് തിരിച്ചറിയുകയായിരുന്നു. ചികിത്സയുടെ ഭാഗമായി അഞ്ച് തവണ കീമോതെറാപ്പി നടത്തി. ക്രിയാറ്റിൻ അളവ് കൂടുന്നതിനാൽ തത്കാലം കീമോ തെറാപ്പി ചെയ്യാനും സാധിക്കില്ല. കീമോയും റേഡിയേഷനും സൗജന്യമായാണ് ചെയ്യുന്നത്. എന്നാൽ വിലപിടിപ്പുള്ള മരുന്നുകൾ പുറത്ത് നിന്ന് വാങ്ങാൻ മാർഗമില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം. മകന്റെ സുഹൃത്തുക്കൾ ചെറിയ ധനസമാഹരണം നടത്തിയെങ്കിലും അതെല്ലാം ചികിത്സയുടെ ആവശ്യങ്ങൾക്കായി പലപ്പോഴായി ചിലവായി. നിലവിൽ ചികിത്സ തുടരാൻ സുമനസുകളുടെ കാരുണ്യം തേടുകയാണ് കുടുംബം.
പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ; അറിയാം രോഗലക്ഷണങ്ങൾ
ഡൊമിനിക്കിന്റെ പേരിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ ആലപ്പുഴ കയർഫെഡ് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസുകൾക്ക് 3416680787 എന്ന അക്കൗണ്ടിലേക്ക് (ഐ.എഫ്.എസ്.സി: സി.ബി.ഐ.എൻ 0284153) പണം അയയ്ക്കാം. ഫോൺ: 8590978865.
കാൻസർ രോഗത്തിൽ നിന്നും മുക്തനായി അമേരിക്കൻ പ്രസിഡന്റ്; ജോ ബൈഡൻ സുഖമായിരിക്കുന്നുവെന്ന് ഡോക്ടർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam