
കാസർകോട്: കാസർകോട് പുല്ലൊടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയിനാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. മാലോത്ത് ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അത്യാഹിതം സംഭവിച്ചത്. എന്നാൽ ഭാഗ്യത്തിന് കാറിലുണ്ടായിരുന്ന അഞ്ച് പേരും രക്ഷപെട്ടു. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ കാർ നിർത്തി ഇറങ്ങി ഓടിയതിനാലാണ് വൻ അത്യാഹിതം ഒഴിവായത്. ഫയർ ഫോഴ്സ് അപകട സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ കാർ പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു.
അതേസമയം പത്തനംതിട്ടയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കിഴവള്ളൂരിലെ ബസ് അപകടത്തിൽ ഇന്ന് കെ എസ് ആർ ടി സിയുടെ കൂടുതൽ പരിശോധനകൾ നടന്നു എന്നതാണ്. വിശദമായ പരിശോധനക്ക് ശേഷം ഡി ടി ഒ അന്തിമ റിപ്പോർട്ട് കെ എസ് ആർ ടി സി വിജിലൻസിന് കൈമാറും. കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസ്സിന് ജി പി എസ് സംവിധാനം ഇല്ലെന്നും കെ എസ് ആർ ടി സി ബസിന്‍റെ സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിൽ ആണെന്നും കണ്ടെത്തിയിരുന്നു. അപകടത്തിൽ പൊലീസും കൂടുതൽ പരിശോധനകൾ നടത്തും. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും രണ്ടു വാഹനങ്ങളും ദിശ തെറ്റിച്ചാണ് സഞ്ചരിച്ചതെന്ന് വ്യക്തമായിരുന്നു. കെ എസ് ആർ ടി സി ബസ് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡ്രൈവർമാരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.