
കോഴിക്കോട്: പ്രവാസി യുവാവ് വാഹനാപകടത്തില്‍പ്പെട്ട് മരിച്ചുവെന്ന് കരുതിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പോലീസ്. ബൈക്കില്‍ കാറിടിച്ചാണ് അപകടമുണ്ടായതെന്ന പ്രാഥമിക നിഗമനങ്ങളില്‍ തെളിവ് ലഭിച്ചില്ലെന്നും നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോഴിക്കോട് മാങ്കാവ് കാളൂര്‍ റോഡ് മൂരിയാട് പാലത്തിന് സമീപം കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശിയായ നസീറ മന്‍സിലില്‍ ജൈ്‌സല്‍(40) ആണ് അപകടത്തില്‍ മരിച്ചത്. പ്രവാസിയായ ജൈസല്‍ 20 ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്. നഗരത്തില്‍ നിന്നും മാങ്കാവ് ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
സംഭവ സ്ഥലത്തെത്തിയ കാറിലുണ്ടായിരുന്നവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ആദ്യഘട്ടത്തില്‍ ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, ഒരു കാര്‍ ബൈക്കിലിടിക്കുകയും തുടര്‍ന്ന് ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയുമായിരുന്നുവെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ കസബ പൊലീസിന്റെ അന്വേഷണത്തില്‍ ജൈസലിന്റെ ബൈക്കില്‍ മറ്റൊരു വാഹനം തട്ടിയതിന്റെ അടയാളങ്ങളോ പോറലുകളോ കണ്ടെത്താനായില്ല. ഇതോടെ കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. പരിസരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതാണെന്ന് ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാറില്‍ എത്തിയവര്‍ പരിക്കേറ്റ ജൈസലിനെ ഉടന്‍ തന്നെ ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam