വസ്തു തർക്കത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പന്തളം സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  

പത്തനംതിട്ട : ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. പന്തളം ചേരിക്കൽ സ്വദേശിനി കളരിക്കൽ തുണ്ടിൽ വീട്ടിൽ ചിത്ര കെ പി (38)യെ ആണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ പന്തളം ചേരിക്കൽ ഭാഗത്ത് ചിത്രയുടെ കുടുംബവും അയൽവാസിയും തമ്മിലുള്ള വസ്തു സംബന്ധമായ തർക്കം പരിഹരിക്കുന്നതിനായി താലൂക്ക് സർവേയർ വസ്തു അളക്കുന്നതിനായി എത്തിയിരുന്നു. അയൽവാസിയുടെ വസ്തു അളന്ന് തിരിച്ച് സ്ഥാപിച്ച കല്ലുകൾ യുവതി പിഴുത് എറിഞ്ഞു. 

താലൂക്ക് സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയും, യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, കാലിൽ തൊഴിക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി.

തുടർന്ന് പന്തളം പോലീസ് സ്റ്റേഷനിൽ നിന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.