
കണ്ണൂര്‍: കണ്ണൂർ അഴീക്കോട് രണ്ടു യുവാക്കൾ ചേർന്ന് വയോധികനെ ക്രൂരമായി മർദിച്ചു. അഴീക്കൽ സ്വദേശി ബാലകൃഷ്ണനാണ് മർദനമേറ്റത്. കാർ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അഴീക്കൽ വ്യവസായ കേന്ദ്രം റോഡിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. അരമണിക്കൂർ കഴിഞ്ഞ് വീണ്ടുമെത്തിയ യുവാക്കൾ തൊട്ടടുത്തുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന ബാലകൃഷ്ണനെ വീണ്ടും തല്ലി.
വാഹനത്തിന് സൈഡ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു എന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം. നാട്ടുകാർ ഇടപെട്ടതോടെയാണ് യുവാക്കൾ അക്രമം നിർത്തിയത്. കണ്ടാലറിയാവുന്ന ആളുകളാണ് മർദിച്ചതെന്നും, അക്രമത്തിനു ശേഷം ഇവർ വീട്ടിൽ എത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും മർദനമേറ്റ ബാലകൃഷ്ണൻ പറഞ്ഞു. 77 കാരനായ ബാലകൃഷ്ണൻ, വളപട്ടണം പൊലീസിൽ പരാതി നൽകി. മർദിക്കുന്ന വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും ബാലകൃഷ്ണനെ മർദിച്ച രണ്ടു പേർ ഉൾപ്പെടെയുള്ള നാലംഗ സംഘം ആണ്.