
എറണാകുളം: കോതമംഗലത്ത് തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ നിര്‍മ്മാണത്തിനായെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ (PWD Staff) മര്‍ദിച്ചെന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ കേസ്. കോഴിപ്പിള്ളി സ്വദേശി ജോമി ജോളിയക്കെതിരെയാണ് കേസെടുത്തത്. ഉദ്യോഗസ്ഥരെ മര്‍ദിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രദേശവാസിയായ ജോമി ജോളി കയര്‍ക്കുകയായിരുന്നു. പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ അരുണിനേയും ഓവര്‍സീയര്‍ നിസ്മയെയും ജോലി തടസ്സപ്പെടുത്തി മര്‍ദിക്കുകയും അസി. എന്‍ജിനീയര്‍ എസ് ഷാജീവിനെ കയ്യേറ്റം ചെയ്തു എന്നാണ് പരാതി.
ഉദ്യോഗസ്ഥര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തര്‍ക്കത്തെ തുടര്‍ന്ന് ജോമിയുടെ ഭൂമിയിലെ നിര്‍മ്മാണം നിര്‍ത്തിയിരിക്കുകയാണ്. രണ്ട് മാസം മുന്‍പ് തന്നെ ഭൂമി അളന്ന് കല്ലിട്ട് തിരിച്ചതാണെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനെച്ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായതാണ് സംഘര്‍ഷത്തിലെത്തിയത്. ജോമി ജോളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ വീടിന്റെ മതില്‍ പൊളിച്ചതിനെതിരെ ലിസ മാത്യു എന്ന സ്ത്രീയും പൊലീസുമായി കലഹിച്ചിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. രണ്ട് വീട്ടുകാര്‍ക്കുമുള്ള തുക കോടതിയില്‍ കെട്ടിവച്ചിട്ടുണ്ടെങ്കിലും ഇവര്‍ സ്വീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.