കാസര്‍കോട് ജില്ലയിലെ മാലിന്യത്തിനും ജാതി; വിവാദ പ്രസ്താവനയുമായി കലക്ടര്‍ സജിത് ബാബു

By Web TeamFirst Published May 21, 2019, 4:27 PM IST
Highlights

" സാധാരണ നമ്മള്‍ എന്ത് ചെയ്യും? എന്‍റെ വീട്ടില്‍ മൂന്ന് പട്ടിയുണ്ട്. അപ്പോള്‍ നമ്മള്‍ വേയ്സ്റ്റ് പട്ടിക്ക് കൊടുക്കും. ഇവിടെ പട്ടിയെ വളര്‍ത്താന്‍ കഴിയില്ല. അപ്പോ പട്ടിവളര്‍ത്താന്‍ കഴിയാത്തപ്പോ നമ്മള്‍ എന്ത് ചെയ്യും ? നമ്മടെ നാട്ടില്‍ ഒരു പാട് പന്നിഫാം ഉണ്ട്. ഇവിടെ പന്നി വളര്‍ത്താന്‍ കഴിയില്ല. അപ്പോ പിന്നെ എന്താ ഓപ്ഷന്‍ ? "

കാസര്‍കോട്: ജില്ലയിലെ മാലിന്യത്തിനും ജാതിയുണ്ടെന്ന വിവാദ പരാമര്‍ശവുമായി കലക്ടര്‍ സജിത് ബാബു. ' ഈ വാകമരച്ചുവട്ടില്‍' എന്ന് ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് കലക്ടര്‍ സജിന്‍ ബാബു ഐപിഎസ് വിവാദ പരാമര്‍ശനം നടത്തിയത്. എന്‍റെ നാടായ തിരിവനന്തപുരം സിറ്റിയില്‍ മാലിന്യത്തിന് ജാതിയില്ലെന്നും അവിടെ മനുഷ്യന്‍  ബാക്കിയാക്കുന്ന ഭക്ഷണം പട്ടിക്കും പന്നിക്കുമാണ് കൊടുക്കുന്നതെന്നും പറയുന്ന സജിന്‍ ബാബു എന്നാല്‍ കാസര്‍കോട് പട്ടിയേയോ പന്നിയേയോ വളര്‍ത്താന്‍ കഴിയില്ലെന്നും ഇവിടെ മാലിന്യത്തിന് ജാതിയുണ്ടെന്ന കാര്യം തനിക്ക് കഴിഞ്ഞ ഒമ്പതാം തിയതിയാണ് മനസിലായതെന്നും പറയുന്നു. 

കാസര്‍കോട് ജില്ലയിലെ മാലിന്യ പ്രശ്നത്തില്‍ കലക്ടര്‍ മതം പറയാതെ പറയുകയാണ് ചെയ്തത്. കാസര്‍കോട് ജില്ലയിലെ സാമൂഹ്യപരവും മതപരവുമായി വിഷയങ്ങളില്‍ മതത്തിന് പങ്കുണ്ടെന്നാണ് കലക്ടറുടെ കണ്ടുപിടിത്തം. മനുഷ്യന്‍ ബാക്കിയാക്കുന്ന മാലിന്യം തിന്നുന്ന പട്ടിയേയോ പന്നിയേയോ വളര്‍ത്താന്‍ മതം അനുവദിക്കാത്തതാണെന്ന് പറയുന്ന കലക്ടര്‍ ജില്ലയെ അപമാനിക്കുകയാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. 

കലക്ടറിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം: 

"കാസര്‍കോട് ജില്ലയിലെ മാലിന്യത്തിന് പോലും ജാതിയും മതവും രാഷ്ട്രീയവുമുണ്ടെന്ന് എനിക്ക് ഒമ്പതാം തിയ്യതിയാണ് മനസ്സിലായത്. എനിക്കത് അറിയില്ലായിരുന്നു. കാസര്‍കോട് ജില്ലയിലെ മാലിന്യത്തിന് പോലും മതമുണ്ടെന്ന് എനിക്ക് മനസിലായത് ഒമ്പതാം തിയതിയാണ്. അത് എനിക്ക് വലിയൊരു തിരിച്ചറിവാണ്. ഞാന്‍ അങ്ങനെയുള്ള കാഴ്ചപാടുള്ള സ്ഥലത്ത് നിന്നല്ല. ഞാന്‍ ട്രിവാന്‍ട്രം സിറ്റിയില്‍ ജനിച്ച് വളര്‍ന്ന ആളാണ്. അവിടെ ഇങ്ങനെ വേസ്റ്റിന് മതമുണ്ടെന്ന് എനിക്കറിയില്ല. ഇവിടെ വന്നപ്പോഴാണ് വേസ്റ്റിന് പോലും മതമുണ്ടെന്നറിഞ്ഞത്. അത് വലിയൊരു തിരിച്ചറിവാണ്. ആ തിരിച്ചറിവ്..... ഞാന്‍ എന്‍റെ ബാക്ക്ഗ്രൗണ്ടില്‍ നിന്നുകൊണ്ടല്ലേ ചിന്തിക്കുക. അതിനനുസരിച്ചല്ലേ ഞാന്‍ പ്രവര്‍ത്തിക്കുക. പക്ഷേ ഇവിടെത്തെ സ്ട്രറ്റജി നമ്മള്‍ വീണ്ടും മാറ്റേണ്ടിവരും. ഇവിടെ നമ്മള്‍ നോക്കിയാല്‍ മനസിലാകും. ഇവിടെ സാമൂഹിക പരമായിട്ടും മതപരമായിട്ടും ഉള്ള പ്രശ്നങ്ങളില്‍ വേഴ്സ്റ്റിന് വളരെ പ്രധാന്യമുണ്ട്. നമ്മുക്കറിയാം.... എന്‍റെ വീട്ടിലാണെങ്കില്‍ നാല് പേരുണ്ട്. എനിക്കറിയാം എന്‍റെ വൈഫ് അത്യാവശ്യം കഞ്ചൂസാണ്. അപ്പോ അവള് നാല് പേര്‍ക്ക് വേണ്ട ആഹാരം ഒരു ദിവസം ഉണ്ടാക്കും. ഞങ്ങളൊക്കെ വളരെ കുറച്ചേ കഴിക്കാറുള്ളൂ. അപ്പോ അവക്കറിയാം എനിക്ക് ഇത്രമതി. അപ്പോ അവള്‍ ഇത്രയേ ഉണ്ടാക്കൂ( കൈകൊണ്ട് ആംഗ്യം കാണിക്കുന്നു. ) ഇത്രയും ഉണ്ടാക്കില്ല. (വീണ്ടും ആംഗ്യം). പക്ഷേ ഇവിടത്തെ ഹൗസ് ഹോള്‍ഡ്ടിസില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ആകെ ഇത്രയേ കഴിക്കുകയുള്ളൂ( കൈകൊണ്ട് ആംഗ്യം കാണിക്കുന്നു. ). പക്ഷേ ഇത്രം ഉണ്ടാക്കും(വീണ്ടും ആംഗ്യം). ഉണ്ടാക്കിയിട്ട് സാധാരണ നമ്മള്‍ എന്ത് ചെയ്യും? എന്‍റെ വീട്ടില്‍ മൂന്ന് പട്ടിയുണ്ട്. അപ്പോള്‍ നമ്മള്‍ വേയ്സ്റ്റ് പട്ടിക്ക് കൊടുക്കും. ഇവിടെ പട്ടിയെ വളര്‍ത്താന്‍ കഴിയില്ല. അപ്പോ പട്ടിവളര്‍ത്താന്‍ കഴിയാത്തപ്പോ നമ്മള്‍ എന്ത് ചെയ്യും ? നമ്മടെ നാട്ടില്‍ ഒരു പാട് പന്നിഫാം ഉണ്ട്. ഇവിടെ പന്നി വളര്‍ത്താന്‍ കഴിയില്ല. അപ്പോ പിന്നെ എന്താ ഓപ്ഷന്‍ ? സര്‍ക്കാറിന്‍റെ തലയ്ക്ക് വെക്കുക. റോഡിലിടുക എന്നതാണ്. അപ്പോ റോഡിലിടുമ്പോ സര്‍ക്കാറെടുത്തോളും. അല്ലെങ്കില്‍ മുനിസിപ്പാലിറ്റി എടുത്തോളും അല്ലെങ്കില്‍ പഞ്ചായത്തെടുത്തോളും. ഈ കാഴ്ചപ്പാട് മാറേണ്ടതായിട്ടുണ്ട്."

കലക്ടറുടെ വാക്കുകള്‍ കേട്ട ഒരാള്‍ കലക്ടറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മതമല്ല പ്രശ്നമെന്നും വിലകൂടിയ പട്ടികളെയും പൂച്ചകളെയും വളര്‍ത്തുന്ന സ്ഥലങ്ങള്‍ ഉണ്ടെന്നും ബദിയടുക്കയില്‍ പന്നിഫാമുണ്ടെന്നും നഗരത്തിലെ മാലിന്യങ്ങള്‍ ഫാമിലെ ജോലിക്കാര്‍ വൈകുന്നേരങ്ങളില്‍ എടുത്തുകൊണ്ട് പോകാറുണ്ടെന്നും വീഡിയോയില്‍ പറയുന്നു. 

എന്നാല്‍ മാലിന്യനിര്‍മ്മാര്‍ജനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുകയാണ് ചെയ്തതെന്നും വീടുകളില്‍ വേയ്സ്റ്റ് മാനേജ്മെന്‍റ് സാധ്യമാകാത്ത സാഹചര്യത്തില്‍ ഒരു ഇന്‍ഡോര്‍ വേയ്സ്റ്റ് മാനേജ്മെന്‍റ് സിസ്റ്റത്തെ കുറിച്ചുള്ള അവയര്‍നെസിന് വേണ്ടിയാണ് അത്തരത്തില്‍ സംസാരിച്ചതെന്നും കലക്ടര്‍ സജിന്‍ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അല്ലാതെ മതപരമായോ ജാതീയമായോ ആരെയും അധിക്ഷേപിക്കാനോ അപമാനിക്കുവാനോ ഉള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും വീഡിയോ പ്രചരിപ്പിക്കുന്നവര്‍ അതില്‍ ഞാന്‍ പറഞ്ഞ പല കാര്യങ്ങളും വെട്ടിമാറ്റിയ ശേഷം അവരവരുടെ താല്‍പര്യത്തിനനുസരിച്ച് ഉണ്ടാക്കിയ വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

click me!