മയക്കുമരുന്ന് കേസ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ഡി ദേവസ്യയുടെ കുറ്റം ഹൈക്കോടതി സ്ഥിരീകരിച്ചു.  

കൊച്ചി: മയക്ക് മരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ഡി ദേവസ്യയുടെ കുറ്റം ഹൈക്കോടതി സ്ഥിരീകരിച്ചു. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡിൽ പ്രവർത്തിച്ചിരുന്ന രാജാക്കാട് പൂവക്കാട്ട് സ്വദേശിയായ ദേവസ്യ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ ഹൈക്കോടതി ഒരു വർഷമായി കുറച്ചെങ്കിലും, 30,000 രൂപ പിഴ ശിക്ഷ നിലനിറുത്തി. കുറ്റം സംബന്ധിച്ച പ്രധാന കണ്ടെത്തലുകൾക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതികളായ മെൽവിൻ തോമസ്, വിനോദ് രാമൻ, സനീഷ് സരളപ്പൻ, മനോജ് ഫിലിപ്പ് എന്നിവരിൽ നിന്ന് രണ്ട് തവണയായി മൊത്തം 20,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു വിജിലൻസ് കേസ്. സംഭവം 2009–2010 കാലഘട്ടത്തിലാണ് നടന്നത്.

ആരോപണങ്ങൾ വിശ്വസനീയമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പ്രതിയുടെ കൈയിൽ ഫിനോൾഫ്തലീൻ പൗഡറിന്റെ സാന്നിധ്യം കണ്ടെത്തിയത് നിർണായക തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. കൈക്കൂലി തുക സമീപത്തെ ഓടയിൽ എറിഞ്ഞുവെന്നിരുന്നാലും സ്വതന്ത്ര സാക്ഷികളും ഗസറ്റഡ് ഓഫീസറും സന്നിഹിതരായിരിക്കെ പണം വീണ്ടെടുത്തതും കേസിനെ ശക്തിപ്പെടുത്തുന്ന സാഹചര്യമായി കോടതി വിലയിരുത്തി.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ എ. രാജേഷും സീനിയർ ഗവൺമെന്റ് പ്ലീഡർ എസ്. രേഖയും ഹൈക്കോടതിയിൽ ഹാജരായി.