സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കി ശിശുവികസന വകുപ്പ്

By Web TeamFirst Published Aug 17, 2019, 4:35 PM IST
Highlights

സംസ്ഥാന വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളില്‍ പഠനത്തിന് മികവ് തെളിയിച്ചവര്‍ക്ക് കൊച്ചിന്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് അവസരം

തിരുവനന്തപുരം: സംസ്ഥാന വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളില്‍ പഠനത്തിന് മികവ് തെളിയിച്ചവര്‍ക്ക് കൊച്ചിന്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് അവസരം.  ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ നാല് കുട്ടികള്‍ക്കാണ് റോട്ടറി ക്ലബ്ബ് കൊച്ചി സിറ്റി മുഖാന്തിരം ജയിന്‍ യൂണിവേഴ്‌സിറ്റി സ്‌പോണ്‍സര്‍ ചെയ്ത് വിവിധ കോഴ്‌സുകളില്‍ പഠിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിലെ സോണി മാത്യുവിന് ബിബിഎ. ഏവിയേഷന്‍ മാനേജ്‌മെന്റ്, എറണാകുളം ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ നിഗ രാജിന് ബിഎ എക്കണോമിക്‌സ്, റിഗ രാജിന് ഇന്റീരിയര്‍ ഡിസൈനിംഗ്, കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ കെഎം മായയ്ക്ക് ബിഎ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. 

കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് പഠിപ്പിക്കുന്നതിനായി ജയിന്‍ യൂണിവേഴ്‌സിറ്റിയുമായി എംഒയു ഒപ്പിടുന്ന ചടങ്ങ് ആഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രിയുടെ ചേമ്പറില്‍ നടക്കും.

click me!