
കോഴിക്കോട്: കോടതികളില്‍ നിയമവ്യവഹാരത്തിനായെത്തുന്ന കുട്ടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി ചേര്‍ത്തു നിര്‍ത്താന്‍ 'ചൈല്‍ഡ് സപ്പോര്‍ട്ട് ലോയര്‍'മാര്‍ എത്തുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതി യാഥാര്‍ത്ഥ്യവല്‍കരിക്കുന്നത്. ചൈല്‍ഡ് ലീഗല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സി എല്‍ എ പി) എന്ന പേരിലാണ് പദ്ധതി അറിയപ്പെടുക. ഹൈക്കോടതിയും കുടുംബ കോടതികളും ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ കോടതികളിലും ഈ സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന നിയമ സേവന അതോറിറ്റി (കെ ഇ എല്‍ എസ് എ) നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതാണ് കോഴിക്കോട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്.
ഖൽബിലൂറുന്ന 'പാരഗൺ' രുചിയുടെ ആരാധകരെ, ഇതിലും വലുത് എന്തുവേണം! ക്രൊയേഷ്യയിൽ നിന്ന് ഒരു വലിയ 'സന്തോഷം'
കുട്ടികള്‍ക്ക് മാനസികമായും നിയമപരമായും പിന്തുണ നല്‍കുന്നതിനായി പ്രത്യേകം അഭിഭാഷകരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇവരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഏത് തരത്തിലുള്ള പ്രശ്നങ്ങളിലായായും നിയമ വ്യവഹാരത്തിനായി കോടതി മുറിയിലെത്തുന്ന കുട്ടികള്‍ക്ക് കേസിന്‍റെ തുടക്കം മുതല്‍ അവസാനം വരെ പ്രത്യേക ശ്രദ്ധ നല്‍കി സംരക്ഷിക്കുക എന്നതായിരിക്കും ഇവരുടെ ചുമതല. കുടുംബപരമായ പ്രശ്നങ്ങള്‍ മുതല്‍ ലൈംഗിക അതിക്രമം വരെയുള്ള കേസുകളില്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായും സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ അടിപ്പെടാതെയും കാര്യങ്ങള്‍ കോടതി മുന്‍പാകെ തുറന്നുപറയാന്‍ ഇതിലൂടെ സാധ്യമാകും. ഇതിനായി തിരഞ്ഞെടുക്കുന്ന പ്രത്യേക അഭിഭാഷകര്‍ക്ക് കുട്ടികളോട് സ്വകാര്യമായി സംസാരിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാനുമുള്ള അവസരം നല്‍കിയിട്ടുണ്ട്. അത് എവിടെ വച്ച് വേണമെന്ന് കോടതിയാണ് തീരുമാനമെടുക്കുക. കുട്ടികളുടെ ബന്ധുക്കളോടും ഇത്തരത്തില്‍ സംസാരിക്കാനുള്ള അവസരമുണ്ടാകും.
കുട്ടിയുടെ മാനസിക നില സംബന്ധിച്ചും കൗണ്‍സിലിംഗ് ആവശ്യമായ സാഹചര്യമുണ്ടെങ്കില്‍ അതുള്‍പ്പെടെ പരാമര്‍ശിക്കുന്ന വിശദ റിപ്പോര്‍ട്ട് അവര്‍ ബന്ധപ്പെട്ട കോടതിക്ക് കൈമാറും. കുറഞ്ഞത് മൂന്ന് വര്‍ഷമങ്കിലും അഭിഭാഷകവൃത്തിയില്‍ പരിചയമുളളവരും കുട്ടികളോട് നല്ലരീതിയില്‍ ഇടപഴകാന്‍ കഴിയുന്നവരും ലാഭേച്ഛയില്ലാതെ ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ തയ്യാറുള്ളവരെയുമാണ് പ്രത്യേക അഭിഭാഷക പാനലിലേക്ക് തിരഞ്ഞെടുക്കുക. ജില്ലയില്‍ എട്ട് പേരെ ഇത്തരത്തില്‍ നിയമിക്കാനാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam