
ചെന്നിത്തല: ഒരു അച്ഛൻ്റെ മനസ്സ് വേദനിച്ചു. കൈയിൽ നിന്ന് നഷ്ടമായത് മൊബൈൽ ഫോണും, അതിലും പ്രധാനമായി മറ്റ് വിലപ്പെട്ട രേഖകളുമായിരുന്നു. എന്നാൽ, വൈകാതെ അദ്ദേഹത്തിന് സന്തോഷം തിരിച്ചു നൽകിയത് രണ്ട് കുട്ടികൾ. ചെന്നിത്തല പാണങ്കരി സ്വദേശിയായ ടി.ആർ. അംബുജാക്ഷനാണ് ഈ അനുഭവമുണ്ടായത്. അർജുൻ അനിൽകുമാർ, അർപ്പിത് എന്നിവരാണ് മാതൃകാപരമായ സത്യസന്ധതയുടെ നേര്‍ രൂപമായത്. ഇവർ ചെന്നിത്തല മഹാത്മാ ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ്. അർജുൻ 10-ാം ക്ലാസിലും, അർപ്പിത് 8-ാം ക്ലാസിലുമാണ് പഠിക്കുന്നത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇവർ സ്കൂളിലേക്ക് പോകുന്ന വഴി ചെന്നിത്തല കല്ലുമ്മൂട് ജംഗ്ഷനിൽ നിന്ന് ഒരു മൊബൈൽ ഫോണും പഴ്സും കളഞ്ഞു കിട്ടി. പഴ്സിൽ ആധാർ കാർഡ്, എ.ടി.എം. കാർഡ്, ഡ്രൈവിങ് ലൈസൻസ്, പൈസ എന്നിവയുണ്ടായിരുന്നു. കുട്ടികൾ കളഞ്ഞു കിട്ടിയതെല്ലാം സ്കൂളിലെ സീനിയർ അധ്യാപകനായ ജി. ജയദേവിനെ ഏൽപ്പിച്ചു.
വിലപ്പെട്ടതൊക്കെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്ന അംബുജാക്ഷൻ, മറ്റൊരു ഫോണിൽ നിന്ന് സ്വന്തം നമ്പറിലേക്ക് വിളിച്ചു. അപ്പോഴാണ് അധ്യാപകനായ ജയദേവിൽ നിന്ന് മറുപടി ലഭിച്ചത്. കളഞ്ഞുപോയ സാധനങ്ങൾ സ്കൂളിൽ സുരക്ഷിതമായി ഇരിപ്പുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഉടൻ തന്നെ സ്കൂളിലെത്തിയ അംബുജാക്ഷൻ, കുട്ടികൾക്ക് പാരിതോഷികം നൽകിയാണ് മടങ്ങിയത്. സത്യസന്ധത കാത്തുസൂക്ഷിച്ച ഈ വിദ്യാർത്ഥികളെ അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam