
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സമീപ പഞ്ചായത്തുകളിലെ പുളിയാമ്പിള്ളി, മഠത്തി മൂല, ചൊവ്വര പ്രദേശങ്ങളിൽ സിയാൽ പണികഴിപ്പിക്കുന്ന പാലങ്ങളുടെ നിർമാണം 18 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലങ്ങളുടെ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി പഞ്ചായത്തുകളിലുള്ളവർക്കാണ് പാലം കൊണ്ട് പ്രയോജനം ലഭിക്കുക. 40 കോടി രൂപയാണ് നിർമാണ ചെലവ്.
വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ പ്രവാഹിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇരുവശങ്ങളിലും നടപ്പാത, അനുബന്ധ റോഡുകൾ എന്നിവയും നിർമിക്കുന്നുണ്ട്. പുളിയാമ്പിള്ളി പാലത്തിന് 200 മീറ്ററും ചൊവ്വര പാലത്തിന് 114 മീറ്ററും മടത്തിമൂല പാലത്തിന് 177 മീറ്ററുമാണ് നീളം. ഓരോ മേഖലയിലെയും ഗതാഗത, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുതകുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.
"വിമാനത്താവളത്തിന്റെ വളർച്ചയുടെ ഗുണഫലം നാട്ടുകാർക്ക് ലഭിക്കത്തക്കവിധമാണ് സിയാൽ അതിന്റെ ഒരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. സിയാലിന്റെ ലാഭത്തിന്റെ വലിയൊരു പങ്ക്, പരിസര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുജനങ്ങളുടെ ക്ഷേമത്തിനുമാണ് ഉപയോഗിക്കുന്നത്. പാലങ്ങൾ നിലവിൽ വരുന്നതോടെ വർഷകാലത്തിൽ ചെങ്ങൽതോടിലെ നീരൊഴുക്ക് സുഗമമാക്കുക എന്ന ലക്ഷ്യത്തിന് പുറമെ, ഈ മേഖലയിലുള്ള ആയിരക്കണക്കിന് നാട്ടുകാർക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കുക എന്ന ലക്ഷ്യവും സാക്ഷാത്ക്കരിക്കപ്പെടും'. മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ബെന്നി ബെഹനാൻ എം.പി, റോജി.എം.ജോൺ ചീഫ് ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്,എം.എൽ.എ, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്, എയർപോർട്ട് ഡയറക്ടർ മനു ജി. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു, കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി. എം ഷംസുദ്ദീൻ, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, വാർഡ് അംഗങ്ങളായ വി. എസ് വർഗീസ്, ചന്ദ്രമതി രാജൻ, അംബിക ബാലകൃഷ്ണൻ, സിനി ജിജോ, ഷാജൻ എബ്രഹാം, നിഷ പൗലോസ്, ടി. വി സുധീഷ് എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam