നിരോധിത കീടനാശിനി ഉപയോഗിച്ചു; നവജാത ശിശുക്കളടക്കമുള്ള പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതയെന്ന് പരാതി

Published : Nov 24, 2022, 01:10 PM IST
നിരോധിത കീടനാശിനി ഉപയോഗിച്ചു; നവജാത ശിശുക്കളടക്കമുള്ള പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതയെന്ന് പരാതി

Synopsis

രണ്ട് വർഷമായി കൃഷിയില്ലാതെ കിടന്ന പാടശേഖരമാകെ പോള നിറഞ്ഞ നിലയിലായിരുന്നു. പോള നശിപ്പിക്കാനായി നിരോധിത കീടനാശിനി ഇവിടെ ഉപയോഗിച്ചതായാണ് പ്രദേശവാസികളുടെ പരാതി. 


അമ്പലപ്പുഴ: പാടശേഖരത്ത് നിരോധിത കീടനാശിനി ഉപയോഗിച്ചതായി പരാതി. ഇതേ തുടര്‍ന്ന് പരിസരവാസികളിൽ നവജാത ശിശുക്കളടക്കമുള്ളവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തകഴി പഞ്ചായത്ത് പത്താം വാർഡ് കുന്നുമ്മയിൽ 50 ഏക്കറോളമുള്ള വടവടി പാടശേഖരത്താണ് നിരോധിത കീടനാശിനി ഉപയോഗിച്ചതായി ആക്ഷേപമുയർന്നത്. രണ്ട് വർഷമായി കൃഷിയില്ലാതെ കിടന്ന പാടശേഖരമാകെ പോള നിറഞ്ഞ നിലയിലായിരുന്നു. പോള നശിപ്പിക്കാനായി നിരോധിത കീടനാശിനി ഇവിടെ ഉപയോഗിച്ചതായാണ് പ്രദേശവാസികളുടെ പരാതി. ഇതോടെയാണ് പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിത്തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. പവർ സ്പ്രേ ഉപയോഗിച്ച് പാടശേഖരത്ത് നിരോധിത കീടനാശിനി തളിച്ചതോടെ 500 മീറ്ററിലധികം ദൂരത്തിലാണ് പ്രത്യാഘാതമുണ്ടായത്. 

കൃഷിയിടങ്ങളിൽ പവർ സ്പ്രേ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കെയാണ് ഈ പാടശേഖരത്ത് ഇത് ഉപയോഗിച്ചതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. പാടശേഖരത്തിന്‍റെ തൊട്ടടുത്തുള്ള വീട്ടുകാർക്കാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ചെന്നല്ലൂർ വിജയന്‍റെ ഭാര്യ ലതയ്ക്ക് കടുത്ത ശ്വാസം മുട്ടലും കഫക്കെട്ടുമായി ദിവസങ്ങളോളം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വീട്ടിലെ രണ്ട് നവജാത ശിശുക്കൾ ശ്വാസം മുട്ടലിനെത്തുടർന്ന് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇതുകൂടാതെ ഈ വീട്ടിലുണ്ടായിരുന്ന ചെടികളെല്ലാം നിരോധിത കീടനാശിനി തളിച്ചതിന് പിന്നാലെ കരിഞ്ഞുണങ്ങി. സമീപത്തെ കർഷകൻ കൂടിയായ ഒറ്റത്തെങ്ങിൽ അലന്‍റെ നിരവധി കരകൃഷിയും കരിഞ്ഞുണങ്ങി നശിച്ചു. 150 -ലധികം വാഴത്തൈകൾ, പയർ, മത്ത, കപ്പ, മറ്റ് ഫലവൃക്ഷങ്ങൾ തുടങ്ങിയവയും കരിഞ്ഞുണങ്ങി. കൃഷി നശിച്ചതിലൂടെ ഏകദേശം രണ്ടേമുക്കാൽ ലക്ഷം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. നിരോധിത കീട നാശിനി ഉപയോഗിച്ചത് മൂലം പാടശേഖരമാകെ എണ്ണമയം നിറഞ്ഞ് കിടക്കുകയാണ്. പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരാതി നൽകിയിട്ടും പഞ്ചായത്ത് അധികൃതരോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്നും പരിസരവാസികൾ പറയുന്നു. നിരോധിത കീടനാശിനി ഉപയോഗിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. 

PREV
Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു