
തിരുവനന്തപുരം: ലൈഫ് ഗാർഡുകൾക്ക് ശമ്പളവുമില്ല അധിക ജോലിയെന്നും പരാതി. കോവളം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര തീരത്ത് സഞ്ചാരികളുടെ ജീവനായി കാവൽ നിൽക്കുന്ന ലൈഫ് ഗാർഡുമാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെവരെയും ലഭിച്ചില്ലെന്നാണ് പരാതി. മാസം പകുതി കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തതിനാല്‍ പലരും ഏറെ പ്രയാസത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. 60 വയസ് കഴിഞ്ഞവരെ പിരിച്ച് വിട്ടിട്ട് പകരം പുതുതായി ആരെയും നിയമിക്കാത്തതിനാൽ അധിക ജോലി എടുക്കേണ്ടി വരുന്നുവെന്നും ലൈഫ് ഗാർഡുമാർ പറയുന്നു.
കോവളത്തെ ഇൻഫർമേഷൻ ഓഫീസറെ മാറ്റിയതിനാൽ ശമ്പള കാര്യത്തിൽ വ്യക്തതയില്ലെന്നും ഇവർ പറയുന്നു. വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിരിക്കുന്ന സമയമാണിപ്പോള്‍. എന്നിട്ടും കേടായതും പഴയതുമായ ജീവൻ രക്ഷാ ഉപകരങ്ങൾ മാത്രമാണ് ഇപ്പോഴും ലൈഫ് ഗാര്‍ഡുകളുടെ കൈവശമുള്ളതെന്നും ഇവര്‍ പരാതി പറയുന്നു.
ഇൻഫർമേഷൻ ഓഫീസർ ഇനിയില്ല
കോവളത്ത് ഇൻഫർ മേഷൻ ഓഫീസർ തസ്തിക ഇനിയില്ല. ഇവിടെ ഉണ്ടായിരുന്ന ഇൻഫർമേഷൻ ഓഫീസറെ ആ തസ്തികയോടെ തന്നെ ടൂറിസം ഡയറക്ടറേറ്റിലേക്ക് മാറ്റിയതിനാലാണ് കോവളത്ത് ഇൻഫർമേഷൻ ഓഫീസറില്ലാത്തത്. പകരം അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിയമനം ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യത്തിലും ഇതുവരെ ഉറപ്പുകളൊന്നുമില്ല. ടൂറിസം സീസൺ ആരംഭിച്ചിട്ടും വിനോദ സഞ്ചാരികൾക്ക് വ്യക്തമായ വിവരങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകാൻ നിലവിൽ ആളില്ലാത്ത അവസ്ഥയിലാണ്. കോവളത്തെ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ ട്രയിനിയായി ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നും ആക്ഷേപമുണ്ട്.
അറ്റകുറ്റപ്പണിയില്ല, ഏജന്‍സി പാപ്പരായെന്ന് ന്യായം
കോവളം തീരത്ത് സോളാർ ലൈറ്റുകൾ സ്ഥാപിച്ച ഏജൻസി പാപ്പരായെന്നും അതിനാലാണ് അറ്റകുറ്റപ്പണികൾ നടത്താനാകാത്തതെന്നുമാണ് അധികൃതരുടെ ന്യായം. ഇതോടെ സഞ്ചാരതീരം ഇരുട്ടിലായി. മിനിമാസ്റ്റ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലായില്ല. ഇടറോഡുകളിലെ തെരുവ് വിളക്കുകൾ മുൻപ് അറ്റകുറ്റപ്പണി ചെയ്ത വകയിൽ 32 ലക്ഷം രൂപ ബന്ധപ്പെട്ട ഏജൻസിക്ക് നൽകാനുണ്ട്. അറ്റകുറ്റ് പണി ചെയ്ത വകയില്‍ പണം നല്‍കാനുണ്ടെങ്കിലും ഇടറോഡുകളിൽ ഇപ്പോഴും വെളിച്ചമില്ല. ഇതോടെ ഈ പ്രദേശത്തെ ഹോട്ടലുകളിൽ താമസിക്കുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സാമൂഹ്യ വിരുദ്ധരുടെ ആക്രമണ ഭീതിയിലാണ്. വൈകീട്ടോടെ തീരത്തെ ഹോട്ടലുകളും കടകളും അടച്ചു കഴിഞ്ഞാൽ പിന്നെ പ്രദേശമാകെ കൂരിരുട്ടാണ്. രാത്രി കാലങ്ങളിൽ പുറമെ നിന്ന് ധാരാളം ചെറുപ്പക്കാരുടെ സംഘങ്ങള്‍ ഇവിടെ എത്താറുണ്ട്. ഇതും വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നു. ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ മിക്കതും അറ്റകുറ്റപ്പണികൾ നടക്കാത്തത് കാരണം അവയും പ്രവർത്തന ക്ഷമമല്ല.
കൂടുതല്‍ വായനയ്ക്ക്: കടൽത്തിരകളിൽ ഊഞ്ഞാലാടി ഗ്ലാന; സർഫിംഗിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി രണ്ടാം ക്ലാസുകാരി