സർഫ് ബോർഡിൽ മണിക്കൂറുകളോളം കടൽ തിരയോട് മല്ലിട്ട് നിന്ന കൊച്ചു സുന്ദരിയെ മറ്റ് സഞ്ചാരികൾ അത്ഭുതത്തോടെയാണ് നോക്കി നിന്നത്. 

തിരുവനന്തപുരം: കൗതുകക്കാഴ്ചയായി രണ്ടാം ക്ലാസുകാരിയുടെ സർഫിം​ഗ് പ്രകടനം. ഇന്നലെ വൈകിട്ട് കോവളത്തെ തീരത്താണ് റഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരി നദാലിയയുടെ മകൾ ഗ്ലാന നടത്തിയ സർഫിം​ഗ് സഞ്ചാരികളെ അത്ഭുതപ്പെടുത്തിയത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ​ഈ കൊച്ചുമിടുക്കി. ഗ്ലാനയും കൂട്ടുകാരിയും ഒരുമിച്ചാണ് കടലിൽ സർഫിംഗ് നടത്തിയത്ത്. സർഫ് ബോർഡിൽ മണിക്കൂറുകളോളം കടൽ തിരയോട് മല്ലിട്ട് നിന്ന കൊച്ചു സുന്ദരിയെ മറ്റ് സഞ്ചാരികൾ അത്ഭുതത്തോടെയാണ് നോക്കി നിന്നത്.

തദ്ദേശീയരായ സഞ്ചാരികൾ ഉൾപ്പെടെയുളളവർ ചെറു തിരയെപ്പോലും ഭയപ്പെട്ടപ്പോൾ യാതൊരു കൂസലുമില്ലാതെയാണ് ഗ്ലാന കടലിൽ സർഫിംഗ് നടത്തിയത്. മറ്റ് വിനോദങ്ങളെക്കാൾ സർഫിംഗ് ആണ് കൂടുതൽ ഇഷ്ടമെന്ന് ഗ്ലാന പറഞ്ഞു. കഴിഞ്ഞ 15 വർഷമായി നദാലിയ കോവളത്ത് പതിവായി എത്താറുണ്ട്. റഷ്യയിൽ യോഗ ടീച്ചറാണ് നദാലിയ. ഇവരുടെ ഏക മകളാണ് ഗ്ലാന. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇവർ കോവളത്ത് എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് ഇവർ നാട്ടിലേക്ക് പോകും