കൊവിഡ് നിയന്ത്രണം; കണ്‍സ്യൂമര്‍ ഫെഡ് ഗൃഹോപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക്

By Web TeamFirst Published Aug 2, 2021, 7:43 PM IST
Highlights

നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ വിപണനവും മരുന്നുകളുടെ ഹോം ഡെലിവറിയും നേരത്തെ തന്നെ കണ്‍സ്യൂമര്‍ ഫെഡ് ആരംഭിച്ചിരുന്നു.

കോഴിക്കോട്:  കണ്‍സ്യൂമര്‍ ഫെഡ് ഗൃഹോപകരണങ്ങളുടെയും ഇലകട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിപണനത്തിലേക്ക്.  കോഴിക്കോട്, വയനാട് ജില്ലകളിലാണ് ആദ്യപടിയായി ഓണ്‍ലൈന്‍ വിപണനം ആരംഭിച്ചത്. കോഴിക്കോട്ടെ കണ്‍സ്യൂമര്‍ ഫെഡ് റീജണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍   മേയര്‍ ബീന ഫിലിപ്പ്  ഓണ്‍ലൈന്‍ വിപണനത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. 

കണ്ണങ്കണ്ടി സെയില്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് കണ്‍സ്യൂമര്‍ ഫെഡ് ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിപണനം ആരംഭിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ വിപണനവും മരുന്നുകളുടെ ഹോം ഡെലിവറിയും നേരത്തെ തന്നെ കണ്‍സ്യൂമര്‍ ഫെഡ് ആരംഭിച്ചിരുന്നു. ഇതിന്റെ വിജയത്തില്‍ നിന്നുള്‍ക്കൊണ്ട ഊര്‍ജമാണ് ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക് ഉത്പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിപണിയിലേക്ക് കടക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനെ പ്രേരിപ്പിച്ചതെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു. 

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ആളുകള്‍ക്ക് പഴയതുപോലെ പുറത്തിറങ്ങാന്‍ ആവുന്നില്ല. അസുഖം പടരാതിരിക്കാനും ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി ഉത്പ്പന്നങ്ങള്‍ വീടുകളിലേക്കെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുള്‍ക്കൊണ്ടാണ് കണ്‍സ്യൂമര്‍ ഫെഡ് പ്രവര്‍ത്തിക്കുന്നത്. ഓണം പടിവാതിക്കലെത്തി. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആളുകള്‍ പ്രധാനമായും വാങ്ങുന്ന സമയമാണ് ഓണക്കാലം. കോവിഡിനെ ഭയക്കാതെ വീട്ടിലിരുന്ന് ഉത്്പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും വിശ്വാസ്യതയോടെ വാങ്ങാനും ഇനി സാധിക്കും. 

ചടങ്ങില്‍  കണ്‍സ്യൂമര്‍ ഫെഡ് റീജണല്‍ മാനെജര്‍ സുരേഷ് ബാബു.സി, അസിസ്റ്റന്റ് റീജണല്‍ മാനെജര്‍ പ്രവീണ്‍ വൈ.എം, മാര്‍ക്കറ്റിംഗ് മാനെജര്‍ ഗിരീഷ് കെ.പി, ഓണ്‍ലൈന്‍ കോ-ഓഡിനേറ്റര്‍ ജിതിന്‍ കെ.എസ്,  ബിസ്‌നസ് മാനെജര്‍ ബിജു കെ.പി, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!