കൊറോണ: വയനാട്ടിൽ നിരീക്ഷണത്തിലുള്ളത് 54 പേർ; ആർക്കും രോഗലക്ഷണങ്ങളില്ല

Web Desk   | stockphoto
Published : Feb 07, 2020, 07:46 AM IST
കൊറോണ: വയനാട്ടിൽ നിരീക്ഷണത്തിലുള്ളത് 54 പേർ; ആർക്കും രോഗലക്ഷണങ്ങളില്ല

Synopsis

ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശത്തുനിന്ന് ജില്ലയിലെത്തിയ യുവാവിന്റെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കൽപ്പറ്റ: കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയ അഞ്ചുപേർ കൂടി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായതോടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 54 ആയി. സൗദി അറേബ്യ, യു.എസ്.എ., തായ്ലാൻഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ പേരെയും സിംഗപ്പൂരിൽ നിന്നെത്തിയ രണ്ടുപേരെയുമാണ് നിരീക്ഷിക്കുന്നത്. ഇതിനിടെ ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശത്തുനിന്ന് ജില്ലയിലെത്തിയ യുവാവിന്റെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഫെബ്രുവരി മൂന്നിന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പരിശോധനാ ഫലമാണ് വയനാട് ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോജക്ട് (ഐ.ഡി.എസ്.പി.) ഓഫീസിലെത്തിയത്.

അതേ സമയം നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ലെന്നും എല്ലാവരും വീടുകളിൽ തന്നെയാണുള്ളതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ നിരീക്ഷണത്തിലായതിനാൽ ഇവർക്ക് പുറത്തിറങ്ങി നടക്കാനോ പൊതുപരിപാടികളിൽ പങ്കെടുക്കാനോ അനുമതിയില്ല. നിരീക്ഷണ കാലയളവ് കഴിയുന്നതുവരെ ഇവർ വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കളക്ടറേറ്റിൽ സബ് കളക്ടർ വികൽപ് ഭരദ്വാജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിദിന അവലോകന യോഗം ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ വിലയിരുത്തി.

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും എല്ലാ തിങ്കളാഴ്ചയും ബോധവത്കരണ ക്ലാസുകൾ നടത്താൻ അധികൃതർ തീരുമാനിച്ചു.  ബോധവത്കരണ സാമഗ്രികൾ ആരോഗ്യവകുപ്പ് അധികൃതർ നൽകും. വിദേശ രാജ്യങ്ങളുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ പോലീസിനെയോ ആരോഗ്യകേന്ദ്രങ്ങളെയോ അറിയിക്കണം. കൺട്രോൾ റൂമിലും അറിയിക്കാം. കല്പറ്റ-04936 206606, മാനന്തവാടി-04935 240390.

ജില്ലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കൊറോണ ബോധവത്കരണം നടത്താൻ കളക്ടറേറ്റിൽ ചേർന്ന മതമേലധ്യക്ഷൻമാരുടെ യോഗം ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ എ.ഡി.എം. തങ്കച്ചൻ ആന്റണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിദേശരാജ്യങ്ങളുമായി സമ്പർക്കം പുലർത്തി തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകാൻ യോഗത്തിൽ തീരുമാനിച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്