
കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി സുരാജിന്‍റെ ജീവിതം ആരുടെയും കണ്ണ് നനയിക്കും. ഭാരിച്ച ചികിത്സ ചിലവ് താങ്ങാനാകാതെ വന്നതോടെ വാടക വീട് വിട്ടിറങ്ങിയ സുരാജും ഭാര്യയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും കോഴിക്കോട് ബീച്ചിലുമാണ് ദിവസങ്ങളോളം കഴിഞ്ഞത്. സുമനസുകളുടെ സഹായത്തോടെ ഇരുവരെയും എരഞ്ഞിപ്പാലത്തെ ലോഡ്ജിലേക്ക് മാറ്റിയെങ്കിലും ആഴ്ചയിൽ മൂന്ന് തവണ നടത്തേണ്ട ഡയലാസിസിന് പോലും പണം കണ്ടെത്താൻ ഈ നിർധന കുടുംബത്തിന് കഴിയുന്നില്ല.
രണ്ട് വർഷം മുൻപ് ജീവിതത്തിൽ വില്ലനായെത്തിയ വൃക്ക രോഗത്തെ ഉള്ളതെല്ലാം നൽകി പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു സുരാജും ഭാര്യ രമ്യയും. സ്വകാര്യ സ്ഥാപനങ്ങളിൽ സെയിൽസ് ജീവനക്കാരായിരുന്ന ഇരുവർക്കും ഭാരിച്ച ചികിത്സ ചിലവ് താങ്ങാൻ കഴിയാതെ വന്നതോടെ വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. വെസ്റ്റ്ഹില്ലിലെ വാടക വീട്ടിൽ നിന്നിറങ്ങുമ്പോൾ കൈൽ മരുന്ന് മാത്രമാണ് ഇരുവരും കരുതിയിരുന്നത്. ദിവസങ്ങളോളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വിശ്രമമുറിയും കടപ്പുറത്തെ ബെഞ്ചുമായിരുന്നു ആശ്രയം.
ബീച്ചിൽ കണ്ട ചിലരാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ ഇരുവർക്കും താൽക്കാലിക താമസവും ഭക്ഷണവും ഒരുക്കിയത്. ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചിരുന്നില്ല. കാരുണ്യ ഫണ്ട് വഴിയുള്ള ഇൻഷുറൻസ് പുതുക്കാൻ കഴിയാതായതോടെ അതുവഴിയുള്ള ചികിത്സ സഹായവും മുടങ്ങി. അടിയന്തരമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാരുടെ നിർദേശം.
ഡയാലിസിസിന് പോലും പണം കണ്ടെത്താൻ കഴിയാത്ത ഇരുവർക്കും വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ
എന്ന ആശങ്കയുണ്ട്. ചികിത്സ അടക്കമുള്ള തുടർകാര്യങ്ങൾക്ക് സുമനസുകളുടെ സഹായം തേടുകയാണ് ഈ ദമ്പതികൾ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
NAME: SURAJ P K
BANK OF BARODA
KARAPARAMBA BRANCH
ACCOUNT NUMBER: 74870100009364
IFSC CODE:BARB0VJKAPA
GOOGLE PAY NUMBER: 8848427575
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam