വയനാട് ആദിവാസി കോളനികളിലും കൊവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

By Web TeamFirst Published Dec 3, 2020, 11:18 PM IST
Highlights

കണ്ടെയ്ന്‍മെന്റ് സോണുകളായ പട്ടികവര്‍ഗ കോളനികളില്‍ സുരക്ഷയും ജാഗ്രതയും ഉറപ്പുവരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗം തീരുമാനിച്ചു. 

കല്‍പ്പറ്റ: നിരവധി ദിവസത്തെ ആശ്വാസം ആശങ്കയിലേക്ക് വഴിമാറുകയാണ് വയനാട്ടില്‍. ജില്ലയിലെ ആദിവാസി കോളനികളില്‍ അടക്കം കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ജില്ല ഭരണകൂടം. സാഹചര്യം ആശങ്കാജനകമാണെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. 

കോളനികളിലേക്ക് അനാവശ്യമായ സന്ദര്‍ശനം ഒരു കാരണവശാലും അനുവദിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും മറ്റും കോളനികളിലേക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ആദിവാസി കോളനികളിലെ 500 ഓളം പേരാണ് ജില്ലയില്‍ ഇതിനകം പോസിറ്റീവായിരിക്കുന്നത്.

കണ്ടെയ്ന്‍മെന്റ് സോണുകളായ പട്ടികവര്‍ഗ കോളനികളില്‍ സുരക്ഷയും ജാഗ്രതയും ഉറപ്പുവരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ കോളനികളിലും ജില്ലാ ദുരന്ത നിവാരണ വിഭാഗം, ആരോഗ്യ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

ആശാ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മറ്റു വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കണം. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ടൂറിസം കേന്ദ്രങ്ങളിലേക്ക് വരാന്‍ പാടുള്ളതല്ല. എ.ഡി.എം കെ. അജീഷ്, ദുരന്തനിവാരണ വിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ എന്‍.ഐ. ഷാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. 

click me!