ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ജൈവ കൃഷി മാതൃകക്ക് ദേശീയ അംഗീകാരം

By Web TeamFirst Published Dec 3, 2020, 8:34 PM IST
Highlights

കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണത്തിൽ ശാസ്ത്രജ്ഞർ വികസിപ്പിച്ച ജൈവ പാക്കേജുകൾ രാജ്യത്തെ പല സ്ഥലങ്ങളിലും വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞിട്ടുള്ളതും വ്യാപിപ്പിച്ചിട്ടുള്ളതുമാണ്. 

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സംയോജിത കൃഷി മാതൃകയും ജൈവകൃഷി പാക്കേജുകളും ദേശീയ ശ്രദ്ധയിൽ. ചെലവൂരിലെ സംയോജിത കൃഷിത്തോട്ട മാതൃകയും ജൈവ കർഷകർക്കായുള്ള പാക്കേജുകൾ പുറത്തിറക്കിയതും പരിഗണിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമിംഗ് സിസ്റ്റംസ്  റിസർച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തെ ഇന്ത്യയിലെ മികച്ച ജൈവകൃഷി മാതൃകയായി തെരഞ്ഞെടുത്തിട്ടുണ്ട്.

2019-20 വർഷത്തെ പ്രവർത്തനം  പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള 20 ജൈവ കൃഷി കേന്ദ്രങ്ങളിൽ നിന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമിംഗ് സിസ്റ്റംസ് റിസർച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തെ മികച്ച മാതൃകയായി തെരഞ്ഞെടുത്തത്. ഡോ. സി.കെ.  തങ്കമണിയുടെ നേതൃത്വത്തിലുള്ള ടീമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണത്തിൽ ശാസ്ത്രജ്ഞർ വികസിപ്പിച്ച ജൈവ പാക്കേജുകൾ രാജ്യത്തെ പല സ്ഥലങ്ങളിലും വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞിട്ടുള്ളതും വ്യാപിപ്പിച്ചിട്ടുള്ളതുമാണ്. സുഗന്ധവിള കേന്ദ്രത്തിന്റെ ചെലവൂരിലെ സംയോജിത കൃഷിമാതൃക  ചെറുകിട കർഷകർക്ക് ജൈവകൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയും വരുമാനവും ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഇത്തരമൊരുമാതൃക ഒരുക്കിയിരിക്കുന്നത്. തെങ്ങ്, മഞ്ഞൾ, കപ്പ, ചേന, പയർ, തീറ്റപ്പുല്ല്, വാഴ എന്നീ വിളകൾ സ്ഥലലഭ്യതക്കനുസരിച്ചു കൃഷിചെയ്തു. അതോടൊപ്പം പശുക്കളെ വളർത്തി  കമ്പോസ്റ്റ് ഉണ്ടാക്കി ചെടികൾക്ക് നൽകുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. 

ഒരേക്കർ സ്ഥലത്തു ഒരുവർഷം 1.3 ലക്ഷം രൂപയുടെ നേട്ടം ഉണ്ടാക്കാൻ സംയോജിതകൃഷിയിലൂടെ സാധിച്ചിട്ടുണ്ടെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. 2008 മുതൽ ഓൾ ഇന്ത്യ നെറ്റ് വർക്ക് പ്രൊജക്റ്റ് ഓൺ  ഓർഗാനിക് ഫാർമിംഗ് എന്ന പദ്ധതിയുടെ ഭാഗമാണ് ഭാരതീയ സുഗന്ധവിളഗവേഷണ കേന്ദ്രം.

കൃഷിവിളകളോടൊപ്പം തന്നെ എച് എഫ് , ജഴ്‌സി, വെച്ചൂർ പശു കാസർഗോഡ് കുള്ളൻ എന്നീ പശുവിനങ്ങളും സുഗന്ധവിള കേന്ദ്രത്തിൽ ഉണ്ട്. പശുവിന്റെ ചാണകവും, തീറ്റപ്പുലിന്റെ അവശിഷ്ടം കൊണ്ടുണ്ടാക്കുന്ന കംപോസ്റ്റുമാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. നൂറുശതമാനം ജൈവ വളം ഉപയോഗിച്ചുള്ള കൃഷി രീതികളാണ് ഉപയോഗിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ചെറുകിട കർഷകർക്ക് മാതൃകയായാണ് ഈ ഫാം സജ്ജീകരിച്ചിരിക്കുന്നതെന്നു അവർ അറിയിച്ചു. കർഷകർ കൃഷിസ്ഥലം സന്ദർശിച്ചു കൃഷിരീതി മനസിലാക്കാറുണ്ട്. ഇവിടെ ഉല്പാദിപ്പിക്കുന്ന പാലും മറ്റുകൃഷിയു ൽപ്പന്നങ്ങളും വില്പനനടത്തിയാണ് 1 .3 ലക്ഷം രൂപ വരുമാനം ലഭിച്ചത്. 

ഇതുകൂടാതെ പെരുവണ്ണാമൂഴി എക്സ്പിരിമെന്റൽ ഫാം ഉപയോഗിച്ച് ജൈവകൃഷിക്ക് ഏറ്റവും അനുയോജ്യമായ  കുരുമുളക് വിളകൾ കണ്ടെത്തി ജൈവകര്ഷകരെ സഹായിച്ചതും പരിഗണിച്ചാണ്  സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് പുരസ്കാരം നൽകിയിരിക്കുന്നത്. ജൈവ മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കാൻ കാവുന്തറ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വനിതാ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഒരു മാതൃക മഞ്ഞൾ തോട്ടവും ഒരുക്കിയിരുന്നു. കൂടാതെ പരപ്പാറ കോളണിയിൽ ഒരു മാതൃക മഞ്ഞൾ തോട്ടം കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ.
 

click me!