
തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പരാതി നൽകി. ദൈവങ്ങളുടെയും വ്യക്തികളുടെയും പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ സെക്രട്ടറി, ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷൻ നിയമസഭകക്ഷി നേതാവ് എസ് പി ദീപക്കും ജില്ലാ സെക്രട്ടറി വി.ജോയിയുമാണ് പരാതി നൽകിയത്.
കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണംവിളിച്ചാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരുന്നത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി കരമന അജിതാണ് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ.ശ്രീലേഖ വേദി വിട്ടത്. ഇതും ഏറെ ശ്രദ്ധനേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതവും പാടി.
തലസ്ഥാനത് മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകാൻ സാധ്യത ഏറി. ബിജെപിയിലെ അവസാനവട്ട ചർച്ചകളിൽ ശ്രീലേഖയുടെ പേരിനാണ് മുൻ തൂക്കം. ഇന്ന് പ്രഖ്യാപനം ഉണ്ടാകും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ് കോർപ്പറേഷൻ ഫലം. സംസ്ഥാനത്തെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥ മേയർ ആകുമ്പോൾ ഒന്ന് കൂടി ചർച്ച ആകുമെന്നും പാർട്ടിക്ക് നിയമസഭ തെരഞ്ഞെടുപ്പിൾ അടക്കം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam