
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഉൾപ്പെട്ട ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം സി സുജിത്ത് മെമ്പർ സ്ഥാനം രാജിവെച്ചു. പഞ്ചായത്തിലെ പതിമൂന്നാം വാർഡായ രാഗംകോർണറിനെ പ്രതിനിധീകരിക്കുന്ന സുജിത്ത്, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കൂടിയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് യുവതിയുടെ പരാതിയിൽ ശ്രീകൃഷ്ണപുരം പൊലീസ്, സി പി എം അംഗമായ സുജിത്തിനെതിരെ കേസെടുത്തത്. കേസിനെ തുടർന്ന് ഇയാൾ മുൻകൂർ ജാമ്യം നേടിയിരുന്നു. തുടർച്ചയായി നടന്ന രണ്ട് ഭരണസമിതി യോഗങ്ങളിലും സുജിത്ത് പങ്കെടുത്തിരുന്നില്ല. മൂന്നാമത്തെ ഭരണസമിതി യോഗം നടക്കുന്നതിന് തൊട്ടുമുന്നേയാണ് സുജിത്ത് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്.
അതേസമയം സുജിത്തിന്റെ രാജി പഞ്ചായത്ത് ഭരണത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് സി പി എം നേതൃത്വം വ്യക്തമാക്കി. എൽ ഡി എഫ് 12, യു ഡി എഫ് 3, ബി ജെ പി 1 എന്നിങ്ങനെയാണ് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ നിലവിലെ കക്ഷിനില.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam