
തൃശൂർ: ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് ബിസ്ക്കറ്റുമായി എത്തിയ ബാർബർ തൊഴിലാളിയെ ഒരു സംഘം ആളുകള്‍ അപമാനിച്ചതായി പരാതി. പെരിഞ്ഞനം സ്വദേശി മധുവിനുണ്ടായ ദുരനുഭവം കഥാകൃത്തും സഹ സംവിധായകനുമായ അക്ബറലി മതിലകം ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പുറംലോകത്തെത്തിച്ചത്.
പെരിഞ്ഞനത്തെ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിന്‍റെ പുറത്തേക്ക് ആട്ടിയോടിച്ച് ഗെയിറ്റടച്ചതായി മധു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തന്‍റെ സ്വകാര്യ ഓട്ടോയിൽ 24 മണിക്കൂറും സൗജന്യ യാത്ര തരപ്പെടുത്തുന്ന ആളാണ് മധു. പെരിഞ്ഞനത്തെ ക്യാമ്പിലേക്കും നിരവധി പ്രളയബാധിതരെ മധു എത്തിച്ചിരുന്നു.
ഇവിടെയുള്ള കുട്ടികൾക്ക് സ്വന്തമായും മറ്റുള്ളവരുടെ സഹായത്താലും വാങ്ങിയ 400 പേക്കറ്റ് ബിസ്ക്കറ്റുമായാണ് മധു എത്തിയത്. എന്നാല്‍ കുട്ടികൾക്ക് ഇവ വീതിച്ചുനൽകുന്നതിനിടെ, കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പിന്‍റെ നിയന്ത്രണം ഏറ്റടുത്ത ഒരു സംഘം ആളുകള്‍ മധുവിനെ തള്ളി പുറത്താക്കുകയായിരുന്നത്രെ. തങ്ങൾ നോക്കിക്കോളാം ഇവിടത്തെ കാര്യങ്ങളെന്നും നീ ആളാവേണ്ടെന്നും ആക്രോശിച്ചായിരുന്നു അതിക്രമങ്ങളെന്ന് മധു പറഞ്ഞു.
കയ്പമംഗലം ബുദ്ധമത കൂട്ടായ്മ എന്ന സംഘടനയുടെ പ്രചാരകനാണ് മധു ബോദ്. അംബേദ്ക്കറുടെയും അയ്യങ്കാളിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്താണ് സൗജന്യ സേവന യജ്ഞത്തിൻറെ സ്റ്റിക്കർ ഓട്ടോയിൽ പതിച്ചിരിക്കുന്നത്. ദളിതനായ ഒരാളോട് ചെയ്യുന്ന നീതികേട് ന്യായീകരിക്കാനാവില്ലെന്നാണ് അക്ബറും സുഹൃത്തുക്കളും പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam