
കൊച്ചി: എറണാകുളം ജില്ലയിലെ നിരന്തര കുറ്റവാളിയായ 'ഡ്രാക്കുള' സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊച്ചി നഗരത്തിലും പുത്തൻകുരിശ് , മൂവാറ്റുപുഴ , കുന്നത്തുനാട് , ആലുവ , എറണാകുളം സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2021 ഡിസംബറിൽ ഇയാളെ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാൾ വീണ്ടും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടിയെടുത്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ 49 പേരെ നാട് കടത്തുകയും 70 പേരെ കാപ്പ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തു.
ജിമ്മിൽ സ്റ്റീം ബാത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; ട്രെയിനർ അറസ്റ്റിൽ
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ജിമ്മിൽ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ട്രെയിനർ അറസ്റ്റിലായി എന്നതാണ്. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22-ാം തീയ്യതിയായിരുന്നു സംഭവം. ജിമ്മിൽ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടര്‍ന്ന് യുവതി ജിമ്മില്‍ നിന്നും പുറത്തിറങ്ങി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.