ആറ് മാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിതവണ ലൈംഗികമായി അതിക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പൊലീസിന്‍റെ പിടിയിൽ. മലപ്പുറം കോട്ടക്കലിലെ പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആണ് പൊലീസ് പിടികൂടിയത്. കോട്ടക്കൽ പണിക്കർക്കുണ്ട് സ്വദേശി വളപ്പിൽ അബ്ദുൽ മജീദിനെ മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീർ പി യുടെ നിർദേശപ്രകാരം കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ അശ്വത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
തമിഴ്നാട്ടിലെ ഏർവാടിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിതവണ ലൈംഗികമായി അതിക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിനെ തുടർന്ന് ആറ് മാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പെൺകുട്ടിയുടെ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവിൽ പോകുകയും വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്‍റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നും പ്രതിയെ പിടികൂടിയത്.

അതേസമയം പാലക്കാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പോക്സോ കേസിൽ ഒറ്റപ്പാലം സ്വദേശിയായ മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവ് ശിക്ഷ ലഭിച്ചു എന്നതാണ്. ഈ കേസിൽ നിർണായകമായത് കുട്ടിയുടെ സ്കൂളിലെ അധ്യാപകരുടെ ഇടപെടലാണ്. ക്ലാസിലിരുന്ന് ഉറങ്ങിയ കുട്ടിയോട് സ്കൂളിലെ അധ്യപകർ കാര്യങ്ങൾ തിരക്കിയതോടെയാണ് മദ്രസാ അധ്യാപകന്‍റെ പീഡനം പുറംലോകമറിഞ്ഞത്. അധ്യാപകർ സംഭവം സ്കൂൾ അധികൃതരെയും വീട്ടുകാരെയും മറ്റും അറിയിച്ചതോടെയാണ് പൊലീസിൽ പരാതി എത്തിയത്. അന്വേഷണത്തിനും വിചാരണക്കും ഒടുവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43) ക്ക് 53 വർഷം കഠിന തടവും 60000 രൂപ പിഴയുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് വിധിച്ചത്.
