
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ വ്യക്തതയില്ല. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷൈനിയും ഭർത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസും തമ്മിൽ പിരിഞ്ഞു കഴിയുകയാണ്. കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കഴിഞ്ഞ 9 മാസമായി ഷൈനി പാറോലികലിലെ വീട്ടിൽ ആണ് കഴിയുന്നത്. രാവിലെ പള്ളിയിൽ പോകാനെന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ടും വീട്ടുകാർ ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിരുന്നു. ബിഎസ് സി നഴ്സായിരുന്ന ഷൈനി കുറെ നാളായി ജോലി ചെയ്യുന്നില്ല. അടുത്തിടെ വീണ്ടും ജോലിക്ക് ശ്രമിച്ചു. ജോലി കിട്ടാതെ വന്നതിലുള്ള വിഷമം ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam