
മാനന്തവാടി: തലപ്പുഴ വെണ്മണി ചുള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ (65) യെയാണ് കണ്ണൂര്‍ കോളയാട് ചങ്ങലഗേറ്റിനു സമീപത്തുള്ള പന്നിയോട് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ലീലാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പ് ജീവനക്കാരും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കള്‍ സ്ഥലത്തെത്തി മരിച്ചത് ലീലാമ്മ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം നാലിനാണ് വീട്ടമ്മയെ കാണാതായത്. മരുന്ന് വാങ്ങണമെന്നറിയിച്ച് മക്കളെ അറിയിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പതിവുപോലെ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മകനും മറ്റു ബന്ധുക്കളും ചേര്‍ന്ന് തലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ ദിവസം വൈകീട്ടായിരുന്നു ബന്ധുക്കള്‍ പരാതി നല്‍കിയത്.
ഇതേ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വെച്ച് ലീലാമ്മയെ ചിലര്‍ കണ്ടിരുന്നു. ഈ വിവരം അറിഞ്ഞ ബന്ധുക്കള്‍ ബസ് കണ്ടക്ടറുമായി സംസാരിച്ച് വീട്ടമ്മയുടെ സഞ്ചാരപഥം പിന്തുടരുകയായിരുന്നു. ബസില്‍ നിന്നും കണ്ണൂര്‍ കോളയാട് ഇറങ്ങി ചങ്ങലഗേറ്റ് എന്ന സ്ഥലത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇവിടെ നിന്നും യാത്ര തുടര്‍ന്ന ലീലാമ്മ നരിക്കോട്ട് മലയിലേക്ക് പോകുന്ന വനപാതയിലെത്തുകയായിരുന്നു.
ഇവിടെ വെച്ച് വീട്ടമ്മയെ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസും ബന്ധുക്കളും വനംവകുപ്പ് ജീവനക്കാരുടെ സഹായത്തോടെ ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ തുടങ്ങിയത്. ശനിയാഴ്ച്ച മുതല്‍ ഈ മേഖലയില്‍ പലതവണ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വീട്ടമ്മയെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ബുധനാഴ്ച പന്നിയോട് വനമേഖലയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ്: പരേതനായ ജോര്‍ജ്, മക്കള്‍: പ്രിന്‍സി, റിന്‍സി, അക്ഷയ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam