
കൊല്ലം: കൊല്ലം പുനലൂരിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സുമേഷിന്‍റെ മരണമൊഴി പുറത്ത്. സിപിഎം കൗൺസിലറായ അരവിന്ദാക്ഷനാണ് തന്നെ കുത്തിയതെന്നാണ് കൊല്ലപ്പെട്ട സുമേഷിന്‍റെ മൊഴി. സുമേഷിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ പുനലൂരിൽ കരിദിനം ആചരിക്കും.
ഇന്നലെ വൈകിട്ടാണ് കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബിജെപി പ്രവർത്തകൻ സുമേഷ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചപ്പോൾ സുമേഷ് പറഞ്ഞ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ അരവിന്ദാക്ഷനാണ് തന്നെ കുത്തിയത് എന്നാണ് സുമേഷ് നല്‍കിയിരുന്ന മൊഴി. അതേസമയം, സിപിഎം കൗൺസിലറായ അരവിന്ദാക്ഷൻ കാലിന് പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം പ്രവര്‍ത്തകരായ നിധിൻ സജികുമാർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: മഴയ്ക്കായി ഇനിയും കാത്തിരിക്കണം; കേരളത്തിൽ കാലവർഷം എത്തുന്നത് വൈകും
അരവിന്ദാക്ഷന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സുമേഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ വായനശാലയിലെ പരിപാടിക്കിടെ സുമേഷിന്റെ സുഹൃത്തും കൗണ്‍സിലറായ അരവിന്ദാക്ഷനും തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാൻ അരവിന്ദാക്ഷൻ സുഹൃത്തുക്കളുമായി എത്തിയപ്പോഴാണ് സുമേഷിനേയും കുത്തി വീഴ്ത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ പുനലൂരിൽ കരിദിനം ആചരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം