
ആലപ്പുഴ: ലോകമെമ്പടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന 'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നിന്നുള്ള ഈ കാഴ്ചകൾ ഏതൊരു മലയാളിയിലും സങ്കടവും ദേഷ്യവുമുണ്ടാക്കും. ഹൗസ് ബോട്ടുകളുടെ പ്രധാന താവളവും നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശഭൂമിയുമായ ഫിനിഷിങ് പോയിന്റ് ഇന്ന് കടുത്ത അധികൃത അനാസ്ഥയിൽ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.
വൈകുന്നേരങ്ങളിൽ സുരക്ഷിതമായി ഇരുന്ന് കായൽ ഭംഗി ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കുന്നത് അസഹനീയമായ ദുർഗന്ധവും തെരുവുനായകളുമാണ്. ജലാശയത്തിന് അഭിമുഖമായുള്ള നടപ്പാതകളിലെ ടൈലുകൾ ഇളകിമാറി വലിയ കുഴികളായി രൂപപ്പെട്ടിരിക്കുകയാണ്. കുട്ടികളുമായോ പ്രായമായവരുമായോ ഇങ്ങോട്ട് വരാൻ പോലും പറ്റാത്ത അവസ്ഥ. വള്ളംകളി കാണാൻ കോടികൾ മുടക്കി ഒരുക്കിയ ഗാലറിയുടെ മേൽക്കൂരകൾ തുരുമ്പെടുത്ത് തകർന്നു വീഴാറായി നിൽക്കുന്നു.
രാത്രിയായാൽ ഇവിടം പൂർണ്ണമായും ഇരുട്ടിലാണ്. ആവശ്യത്തിന് കൈവരികളോ ലൈറ്റുകളോ ഇല്ലാത്തത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, തെർമോകോൾ, ഹൗസ് ബോട്ടുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ എന്നിവയെല്ലാം കുന്നുകൂടിക്കിടക്കുകയാണ്. പലതും നേരിട്ട് കായലിലെ വെള്ളത്തിലേക്കാണ് ഒഴുക്കിവിടുന്നത്. ഇവ ചീഞ്ഞഴുകിയുള്ള ദുർഗന്ധം കാരണം വിനോദസഞ്ചാരികൾക്ക് ഇവിടെ മിനിറ്റുകളോളം പോലും നിൽക്കാൻ കഴിയുന്നില്ല. ഇതിനുപുറമേ പ്രദേശം കൈയടക്കിയിരിക്കുന്ന തെരുവുനായകളുടെ ആക്രമണ ഭീഷണിയും നിലനിൽക്കുന്നു.
മഴക്കാല ടൂറിസം, ചൂണ്ടയിടൽ, വൈകുന്നേരങ്ങളിലെ വിനോദങ്ങൾ എന്നിവയ്ക്കായി അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കേണ്ട ഒരു കേന്ദ്രമാണ് അധികൃതർ തിരിഞ്ഞുനോക്കാതെ നശിപ്പിക്കുന്നത്. പദ്ധതികൾ പ്രഖ്യാപിക്കാൻ കാണിക്കുന്ന ആവേശം നിലവിലുള്ളവ സംരക്ഷിക്കാൻ അധികൃതർ കാട്ടുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ വർഷങ്ങളായി നഗരസഭയ്ക്കും ടൂറിസം വകുപ്പിനും പരാതികൾ നൽകുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്രദേശം അടിയന്തരമായി ശുചീകരിക്കുകയും സ്ഥിരം ശുചീകരണ തൊഴിലാളികളെ നിയമിക്കുകയും ചെയ്യുക, പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ മാറ്റുക, ഗാലറി പുനരുദ്ധരിക്കുക, തെരുവിളക്കുകൾ സ്ഥാപിക്കുക. ഹൗസ് ബോട്ട് മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമൊരുക്കുക, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക എന്നിവയാണ് നാട്ടുകാർ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. അധികൃതർ ഇനിയും അനാസ്ഥ തുടർന്നാൽ പ്രദേശവാസികളെയും ടൂറിസം തൊഴിലാളികളെയും സംഘടിപ്പിച്ചു കൊണ്ട് ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam