തിരുവനന്തപുരം ബാലരാമപുരത്ത് രോഗബാധിതനായിരുന്ന അച്ഛൻ മരിച്ച് ഒരു മണിക്കൂറിനകം മകനും കുഴഞ്ഞുവീണ് മരിച്ചു. ഹൃദ്രോഗിയായിരുന്ന മകൻ ശെൽവരാജ്, അച്ഛൻ ഗോപി നാടാരുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് മരിച്ചത്. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ അരമണിക്കൂർ ഇടവേളയിൽ നടത്തി.
തിരുവനന്തപുരം: ബാലരാമപുരത്ത് അച്ഛൻ മരിച്ച് ഒരു മണിക്കൂറിനകം മകനും കുഴഞ്ഞുവീണ് മരിച്ചു. ഐത്തിയൂർ തുണ്ടു വിളാകത്ത് വീട്ടിൽ ഗോപി നാടാർ ( 83 ) മകൻ ശെൽവരാജ് ( 49 ) എന്നിവരാണ് മരിച്ചത്. രോഗ ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഗോപി നാടാർ ബുധനാഴ്ച രാത്രി 10.30-ഓടെയാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ മൃതദേഹം വീട്ടിലെത്തിച്ച് ഒരു മണിക്കൂറിനകമാണ് മകനായ ശെൽവരാജ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദ്രോഗ ബാധിതനായിരുന്നു ശെൽവരാജ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. തുടർന്ന് അച്ഛൻ്റെയും മകൻ്റെയും സംസ്കാര ചടങ്ങുകൾ അരമണിക്കൂർ ഇടവേളയിൽ നടത്തി.


