
മലപ്പുറം: മദ്യപിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന ബാർ ഉടമകളുടെ പരാതിയിൽ പ്രത്യേക സർക്കുലർ ഇറക്കി മലപ്പുറം ജില്ലാ പോലീസ് മേധാവി പുലിവാല് പിടിച്ചു. ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങുന്നവരെ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ബാർ ഉടമകളുടെ പരാതി. ഈ പരാതിയിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ, ഡി വൈ എസ് പിമാർക്കും എസ് എച്ച് ഒമാർക്കും നൽകിയ സർക്കുലറാണ് വിവാദമായത്.
'അംഗീകൃത ബാറുകളുടെ ഉളളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ല' എന്നായിരുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പിമാർക്കും എസ് എച്ച് ഒമാർക്കും നൽകിയ സർക്കുലറിൽ പറഞ്ഞിരുന്നത്. സർക്കുലർ പുറത്തുവന്നതോടെ വലിയ പുലിവാലായി മാറുകയായിരുന്നു. അബദ്ധം മനസിലായതോടെ ഈ സർക്കുലർ റദ്ദാക്കി. വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് സർക്കുലർ റദ്ദാക്കിയതെന്നും മലപ്പുറം എസ് പി ശശിധരൻ അറിയിച്ചു. പുതുക്കിയ നിർദേശം പിന്നീട് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പറ്റിയത് 'ക്ലറിക്കല്‍ മിസ്റ്റേക്ക്' ആണെന്നും അതിനാലാണ് പിൻവലിക്കുന്നതെന്നും എസ് പി വിശദീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കേരള പൊലീസിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സ്വപ്ന ജോലി കയ്യെത്തും ദൂരെ എന്നതാണ്. പോലീസ് സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും. ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.