Asianet News MalayalamAsianet News Malayalam

കടുപ്പിച്ച് മേയർ, '20 എണ്ണം ഉടൻ വാങ്ങും', കഴിഞ്ഞില്ല! ഇലക്ട്രിക് ബസിൽ വമ്പൻ പ്ലാനുകളുണ്ട് തലസ്ഥാനത്ത്

'തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകും'

TVM Mayor Arya Rajendran against Transport Minister KB Ganesh kumar on Electric bus controversy asd
Author
First Published Jan 19, 2024, 6:51 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഹിറ്റായ ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിലപാട് തള്ളിക്കളഞ്ഞ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ മേയർ വ്യക്തമാക്കി. ഇലക്ട്രിക് ബസ് വിജയകരമെന്നും തലസ്ഥാന ജനത ഇരു കയ്യും നീട്ടി സ്വീകരിച്ചെന്നും പുതുതായി 20 ബസുകളും 2 ഇലക്ട്രിക് ഡബിൾ ഡെക്കർ വാങ്ങാനുള്ള നടപടികൾ പൂർത്തിയായെന്നും മേയർ വിശദീകരിച്ചു.

'മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയുണ്ടല്ലോ'! ഗണേഷിന് വമ്പൻ തിരിച്ചടി; പരസ്യമായി തള്ളിപ്പറഞ്ഞ് എംവി ഗോവിന്ദൻ

മേയറുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

കാർബൺ ന്യൂട്രൽ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി നിലവിൽ ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം നിയന്ത്രിക്കാൻ വിവിധ നടപടികൾ നഗരസഭ നടപ്പാക്കിവരുന്നുണ്ട്. സോളാർ പദ്ധതികൾ, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം, ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ കാർബൺ ന്യൂട്രൽ നയം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയിൽ നഗരസഭ 60 ഇലട്രിക് ബസ്സുകൾ നഗരത്തിൽ സർവീസിനായി #KSRTC ക്ക് വാങ്ങി നൽകി. ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ സേവനം വിജയകരമായി തുടരുകയാണ്. രണ്ടാം ഘട്ടമെന്ന നിലയിൽ 20 ഇലട്രിക് ബസ്സുകളും, നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി 2 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ട്. 
തിരുവനന്തപുരം നഗരസഭയും World Resource Institute India (WRII) Mumbai യും സംയുക്തമായി നടപ്പാക്കുന്ന net zero carbon and resilient building എന്ന പദ്ധതി നഗര പരിധിയിലുള്ള പ്രദേശങ്ങളിൽ വിവിധ Stake holder മാരെ ഉൾപ്പെടുത്തി നടപ്പിലാക്കുവാൻ തീരുമാനിച്ചു. ആഗോള താപനത്തിനെ സ്വാധീനിക്കുന്ന കെട്ടിടങ്ങൾ, ഗതാഗതം, വ്യവസായം, ഊർജ്ജം, കൃഷി, വനം എന്നിങ്ങനെ വിവിധ മേഖലകൾ ഉണ്ട്.  ഇവയിൽ കെട്ടിട നിർമ്മാണ മേഖലയിലാണ് green house gas (40%) ഏറ്റവും കൂടുതലായി പുറപ്പെടുവിക്കുന്നത്എന്നാണ് പഠനങ്ങൾ പറയുന്നത്. ആയതിനാൽ കെട്ടിട നിർമ്മാണ മേഖലയിൽ green house gas പുറന്തള്ളുന്നത് ഏതൊക്കെ രീതിയിൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നുള്ളതാണ് net zero carbon and resilient building - City Action Plan വഴി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരമൊരു പഠനം നടത്തി കർമ്മ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ.
തലസ്ഥാന നഗരത്തെ കാർബൺ ന്യുട്രൽ നഗരമാക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണ്. അത് നടപ്പാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകും. നമ്മുടെ നഗരത്തെ കാർബൺ ന്യൂട്രൽ ആക്കാനുള്ള പദ്ധതികളെ വിജയിപ്പിക്കാൻ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios