
താമരശ്ശേരി: ലഹരി മാഫിയ പ്രവാസിയുടെ വീടും കാറും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവം അറിഞ്ഞെത്തിയ യുവാവിന് വെട്ടേറ്റു. സ്ഥലത്തെത്തിയ താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും സംഘം തകർത്തു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇർഷാദിനാണ് വെട്ടേറ്റത്. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകർത്തത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവത്തിന് തുടക്കം. മൻസൂർ താമരശ്ശേരി പോലീസിൽ പരാതി നൽകി. മൻസൂറിന്റെ വീടിനോട് ചേർന്ന് അയൂബ് എന്ന ആൾ തന്റെ സ്ഥലത്ത് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നു എന്നായിരുന്നു പരാതി. പരാതി നല്‍കിയതിന് പിന്നാലെ വൈകുന്നേരം അയൂബിന്റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ വടിവാളുമായി മൻസൂറിന്റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ വാതിലടച്ച് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം അടിച്ച് തകർത്തു. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടർന്നു. സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൻസൂർ തന്റെ വീട്ടിൽ സി.സി.ടി.വി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ വിളയാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam