ശ്വാസം മുട്ടി മരട്: പൊടിശല്യം കുറയ്ക്കാൻ വെള്ളം തളിച്ചു തുടങ്ങി; ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ മെഡിക്കൽ ക്യാമ്പ്

By Web TeamFirst Published Jan 14, 2020, 2:06 PM IST
Highlights

ഇന്നലെ അവശിഷ്ടങ്ങൾ വേർതിരിച്ചു തുടങ്ങിയപ്പോൾ ഉയർന്ന പൊടി കാരണം നാട്ടുകാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വെള്ളം തളിച്ച ശേഷം മാത്രം ജോലികൾ തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചത്.

കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ അവശിഷ്ടങ്ങൾ വേർതിരിക്കുന്നതിന് മുൻപ് പൊടിശല്യം കുറയ്ക്കാൻ വെള്ളം തളിച്ചു തുടങ്ങി. ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നെട്ടൂരിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്നലെ അശാസ്ത്രീയമായി അവശിഷ്ടങ്ങൾ വേർതിരിച്ചു തുടങ്ങിയപ്പോൾ ഉയർന്ന പൊടി കാരണം നാട്ടുകാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വെള്ളം തളിച്ച ശേഷം മാത്രം ഇന്ന് ജോലികൾ വീണ്ടും തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചത്. എച്ച്2ഒ, ആൽഫാ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്ന ജോലിയാണ് ഇന്ന് തുടങ്ങിയത്. പൊളിക്കാൻ കരാറെടുത്ത വിജയ് സ്റ്റീൽസും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രോംപ്റ്റ് എന്ന കമ്പനിയും ചേർന്നാണ് വെള്ളം തളിക്കുന്നത്. കായലിൽ നിന്നാണ് ഇതിനായി വെള്ളം പമ്പ് ചെയ്യുന്നത്. വെള്ളം തളിക്കാൻ അഗ്നിശമന സേനയുടെ സഹായം തേടിയെങ്കിലും കിട്ടിയില്ലെന്ന് ആരോപണമുണ്ട്. 

 

ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നെട്ടൂരിൽ ഇന്ന് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരുൾപ്പെടെ 12 പേരാണ്  ക്യാമ്പിൽ ഉള്ളത്. നാളെ ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും ഡോക്ടർമാർ എത്തും. വരും ദിവസങ്ങളിൽ നാലിടത്ത് നിന്നും ഒരേസമയം അവശിഷ്ടങ്ങൾ വേർത്തിരിച്ച് തുടങ്ങും. 70 ദിവസം വേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും 45 ദിവസങ്ങൾക്കകം ജോലികൾ തീർക്കാനാകുമെന്ന് കമ്പനികൾ പറയുന്നു.

Also Read: മരടിൽ പൊടി ശല്യം രൂക്ഷം; നഗരസഭാധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാ‌‌‌ർ

Read More: മരട് തവിടുപൊടിയായി; നാല് കെട്ടിടം നിലംപൊത്തി, സര്‍ക്കാര്‍ ഇനി സുപ്രീംകോടതിയിലേക്ക് ...

Read More: സീറോ ഡാമേജ്, വീടുകള്‍ സുരക്ഷിതമെന്ന് കളക്ടര്‍; എല്ലാം നിശ്ചയിച്ച പ്രകാരം നടന്നെന്ന് കമ്മീഷണര്‍ ...
 

click me!